Monday, 23 Sep, 11.51 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സൊമാറ്റോയില്‍ നിന്നും 100 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തയാള്‍ക്ക് നഷ്‌ടപ്പെട്ടത് അക്കൗണ്ടിലുണ്ടായിരുന്ന 77,000 രൂപ

പാ‌റ്റ്‌ന: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോയില്‍ നിന്നും 100 രൂപയ്‌ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ തന്റെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും നഷ്‌ടപ്പെടുമെന്ന് ബീഹാറിലെ പാറ്റ്‌നക്കാരനായ യുവാവ് ഒരിക്കലും ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. എന്നാല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ കിട്ടയത് മോശം ഭക്ഷണമാണെന്ന് മാത്രമല്ല, അക്കൗണ്ടിലുണ്ടായിരുന്ന 77000 രൂപ നഷ്‌ടപ്പെട്ട അവസ്ഥയിലാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ വിഷ്‌ണു എന്ന യുവാവ്.

സംഭവം ഇങ്ങനെ: സെപ്‌തംബര്‍ 10നാണ് സൊമാറ്റോ വഴി വിഷ്‌ണു 100 രൂപയ്‌ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ച ഭക്ഷണത്തില്‍ വിഷ്‌ണു തൃപ്‌തനായിരുന്നില്ല. ഇക്കാര്യം ഡ‌െലിവറി ബോയിയോട് പറ‌ഞ്ഞപ്പോള്‍ സൊമാറ്റോയുടെ കസ്‌റ്റമര്‍ കെയറില്‍ വിളിച്ച്‌ പരാതി പറയാന്‍ ഉപദേശിച്ചു. തുടര്‍ന്ന് ഗൂഗിളില്‍ സൊമാറ്റോ കസ്‌റ്റമര്‍ കെയര്‍ എന്ന് സെര്‍ച്ച്‌ ചെയ്‌തപ്പോള്‍ ലഭിച്ച നമ്ബറില്‍ വിഷ്‌ണു വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തൊട്ടുപിന്നാലെ മറ്റൊരു നമ്ബറില്‍ വിഷ്‌ണുവിന് കോള്‍ വന്നു. സൊമാറ്റോ കസ്‌റ്റമര്‍ കെയറില്‍ നിന്ന് വിളിക്കുന്നുവെന്നാണ് പരിചയപ്പെടുത്തിയത്. 100 രൂപ റീഫന്‍ഡ് കിട്ടണമെങ്കില്‍ അക്കൗണ്ടില്‍ നിന്നും 10 രൂപ പോകുമെന്ന് ഇയാള്‍ വിഷ്‌ണുവിനോട് പറഞ്ഞു. ഫോണ്‍ വിളിച്ചയാള്‍ അയച്ചുനല്‍കിയ ലിങ്കില്‍ കയറിയ വിഷ്‌ണു അതിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 10 രൂപ നിക്ഷേപിക്കുകയും ചെയ്‌തു. തൊട്ടുപിന്നാലെ പലതവണകളായി അക്കൗണ്ടിലുണ്ടായിരുന്ന 77,000 രൂപയും നഷ്‌ടമായി. അക്കൗണ്ടില്‍ നിന്നും നഷ്‌ടമായ പണം തിരികെ കിട്ടാന്‍ ഇപ്പോള്‍ ബാങ്കുകളിലും പൊലീസ് സ്‌റ്റേഷനുകളിലും കയറി നടക്കുകയാണ് ഇപ്പോള്‍ വിഷ്‌ണു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top