Tuesday, 25 Jul, 10.18 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സോഷ്യല്‍ മീഡിയയിലെ മൗലികവാദത്തിന് 'ബലി'യിട്ട് യുവ കവി

സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനാത്മകമായ പോസ്‌റ്റുകൾ ഇട്ടതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നവർ നിരവധിയാണ്. ഇത്തരത്തിൽ ത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നവരിൽ ഒടുവിലത്തേത് ആർ.അജിത് കുമാ‍ർ എന്ന യുവ കവിയാണ്. സോഷ്യൽ മീഡിയയിൽ കുറുംകവിതകളിലൂടെ സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുന്ന അജിത്ത് 'കടലാസ്' എന്ന ഗ്രൂപ്പിൽ കർക്കടകവാവ് ദിനത്തിൽ എഴുതിയ കവിതയ്ക്കു നേരെയാണ് മൗലികവാദികൾ ആക്രമണം നടത്തിയത്. ബലികാക്കയെ കുറിച്ച് അജിത്ത് തമാശ രൂപേണയെഴുതിയ വരികളാണ് സൈബർ ആക്രമണ വീരന്മാരെ ചൊടിപ്പിച്ചത്. വരികൾ ഇങ്ങനെ:

'ബലിച്ചോറ് മടുത്തു
ബിരിയാണിയാണേൽ വരാമെന്നു
ബലിക്കാക്ക'

പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടതോടെ സൈബർ സദാചാരക്കാർ സട കുടഞ്ഞെഴുന്നേറ്റു. അജിത്തിനും കവിതയ്ക്കും നേരെയും സംഘടിതമായ ആക്രമണം തുടങ്ങി. കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും നടത്തി. ഗത്യന്തരമില്ലാതെ പേജ് അഡ്മിൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല,​ അഡ്മിൻ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ,​ തന്റെ ഭയന്ന് പിന്മാറാൻ കവി തയ്യാറായില്ല. ഒരു തമാശയായി മാത്രം കാണേണ്ട പോസ്‌റ്റിനെ വക്രീകരിച്ച് മൗലികവാദമാക്കി മാറ്റാൻ മാത്രം തീവ്രചിന്തയുള്ളവർ ഉണ്ടോയെന്നാണ് അജിത്ത് ചോദിക്കുന്നത്.

'ഈ പോസ്റ്റ് കടലാസ് എന്ന പേജിൽ നിന്നും ചിലർ തെറി വിളിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു. എന്നാൽ എന്റെ വാളിൽ കിടക്കട്ടെ. ഇവിടെ വന്ന് കുരു പൊട്ടാമല്ലോ. കാക്കയെയും ചിലർ ദത്തെടുത്തു എന്നാണ് തോന്നുന്നത്. മൗലികവാദത്തിന് ഞാൻ ഇടുന്ന ബലി ആയി കണക്കാക്കിയാൽ മതി' എന്ന കുറിപ്പോടെ അദ്ദേഹം കവിത സ്വന്തം എഫ്.ബി അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വന്തം പേജിന് താഴെയുള്ള കമന്റ് ബോക്‌സിലും അജിത്തിനു നേരെ ആക്രമണം നടക്കുന്നുണ്ട്. അതേസമയം,​ അജിത്തിനെ അനുകൂലിച്ച് നിരവധി പേരാണ് എത്തുന്നത്. ആക്രമണം എത്ര ഉണ്ടായാലും തന്റെ ശൈലി മാറ്റാനൊന്നും അജിത്ത് തയ്യാറല്ല. മൗലികവാദികളുടെ സമ്മതം വാങ്ങി എഴുതാൻ തന്നെ കിട്ടില്ലെന്ന് സംശയത്തിനിട നൽകാത്ത വിധം വ്യക്തമാക്കുക കൂടി ചെയ്യുന്നു അജിത്ത്.

പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദ ബിരുദധാരിയുമായ അജിത് കുമാർ മൈത്രി അഡ്വർട്ടൈസേഴ്സ് എന്ന സ്ഥാപനത്തിൽ സീനിയർ ഐഡിയേഷൻ ഡയറക്ടറായി ജോലി ചെയ്യുകയണ്. ഹൈക്കു കവിതകളുടെ ഒരു സമാഹാരമായ 'ഒറ്റത്തുള്ളി പെയ്‌ത്ത് ' എന്ന പുസ്തകവും അജിത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top