Monday, 08 Mar, 2.21 am കേരളകൗമുദി

പ്രാദേശികം
സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ മോഷണ സംഘം അറസ്റ്റില്‍

ആലപ്പുഴ: ജുവലറിയിലും ബേക്കറിയിലും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മോഷണം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

കരുനാഗപ്പള്ളി കാരൂര്‍ക്കടവ് മീതുഭവനത്തില്‍ നിധിന്‍ (23), ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ് (22), എറണാകുളം കുമ്ബളങ്ങി താന്നിക്കല്‍ പ്രീത (31), തിരുവനന്തപുരം വെഞ്ഞാറുംമൂട് പൂവന്‍വിളവത്ത് അനു (38) എന്നിവരെയാണ് വള്ളികുന്നം സി.ഐ ഡി.മിഥുന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് വള്ളികുന്നം ചുനാട് തെക്കേ ജംഗ്ഷനിലെ ജാസ്മിന്‍ ജുവലറിയിലും സിറ്റി ബേക്കറിയിലുമാണ് മോഷണങ്ങള്‍ നടത്തിയത്. ജാസ്മിന്‍ ജുവലറിയുടെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ തകര്‍ത്ത് അകത്ത് കടന്ന സംഘം ലോക്കര്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിനിടെ എന്തോ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് തോട്ടടുത്തുള്ള സിറ്റി ബേക്കറി കുത്തിത്തുറന്ന് 20,000ല്‍ പരം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. സംഭവത്തെ കുറിച്ച്‌ വ്യക്തമായ ഒരുതെളിവും ഇല്ലാതെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ഒക്‌സിജന്‍ സിലിണ്ടര്‍ കടയുടെ സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ ഒക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.സമീപത്തെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വാഹനത്തെകുറിച്ച്‌ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് പ്രതികള്‍ കെണിയിലായത്. പ്രദേശത്ത് വീണ്ടും മോഷണം നടത്താനുള്ള പദ്ധതിയുമായി കാറില്‍ വന്ന പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കായംകളത്തിന് കിഴക്ക് അഞ്ചാംകുറ്റി ഭാഗത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച മുഴുവന്‍ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. വെഞ്ഞാറമൂട് സ്വദേശിനിയായ പ്രീതയെ വിവാഹം ചെയ്തയച്ച കുമ്ബളങ്ങിയിലായിരുന്നു. ഇവര്‍ കഴിഞ്ഞ കുറേ നാളായി കരുനാഗപ്പള്ളിയിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രീതയും അനുവും ബന്ധുക്കളാണ്. വാഹന പരിശോധനകള്‍ക്കിടെ പിടിക്കപ്പെടുമ്ബോള്‍ കുടുംബത്തോടൊപ്പം യാത്രപോകുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. ഇതിന് മുമ്ബ് രണ്ട് മോഷണ കേസുകളില്‍ സംഘം ഉള്‍പ്പെട്ടിട്ടുണ്ട്. എറണാകുളത്ത് പണം തട്ടിപ്പ് നടത്തിയ സംഘമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ കോടതയില്‍ ഹാജരാക്കി. ചെങ്ങന്നൂര്‍ ഡിവൈ എസ്.പി ഡോ. ആര്‍.ജോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്.ഐ അന്‍വര്‍ സാദത്ത് സിവില്‍ പൊലീസുകാരായ മനീഷ്, ജിഷ്ണു, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top