Monday, 08 Mar, 2.20 am കേരളകൗമുദി

ന്യൂസ് 360
സൂചിയുടെ പാര്‍ട്ടി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, മരിക്കാന്‍ ‌ഞങ്ങള്‍ തയാ‌ര്‍...

യങ്കൂണ്‍: മ്യാന്‍മറില്‍ സൂചിയുടെ പാര്‍ട്ടി ഉദ്യോഗസ്ഥന്‍ ഖിന്‍ മൗങ് ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. പ്രധാന നഗരമായ യാങ്കൂണില്‍ ശനിയാഴ്ച രാത്രി പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഖിന്‍ മൗങ് ലത്തും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ലെന്ന് ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട പാ‌ര്‍ലമെന്റിലെ ഒരു നിയമസഭാംഗം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുമ്ബോള്‍ ശരീരത്തിലും തലയിലും രക്തക്കറ പുരണ്ടിരുന്നതായും തലയില്‍ രക്തം പുരണ്ട തുണി ചുറ്റിയിരുന്നതായും ഉള്ള ചിത്രങ്ങള്‍ പുറത്തുവന്നതായി വാ‌ര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സ് പറഞ്ഞു.

ലത്തിന്റെ മരണവാ‌ര്‍ത്ത പുറത്തുവന്നതോടെ വന്‍ പ്രക്ഷോഭമാണ് തെരുവില്‍ നടത്തുന്നത്. രാജ്യത്ത് പട്ടാളഭരണം അവസാനിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്നും ഞങ്ങളുടെ രാജ്യത്തിനായി മരിക്കാന്‍ ഞങ്ങള്‍ തയാറാണെന്നും ആക്ടിവിസ്റ്റായ മൗങ് സാങ്ഖ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. നഗരത്തിന്റെ പലഭാഗങ്ങളിലായി റാലികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും മൗങ് സാങ്ഖ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇവരെ തുരത്താന്‍ റബര്‍ ബുള്ളറ്റും കണ്ണീ‌ര്‍ വാതകവും സ്റ്റണ്‍ ഗ്രനൈഡുകളും പ്രയോഗിക്കുന്നതായും സാക്ഷികള്‍ പറയുന്നു.

മ്യാന്‍മറിന്റെ പുരാതന മുന്‍തലസ്ഥാനമായ ബഗാനില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ തുരത്താനുള്ള ശ്രമത്തിനിടെ അഞ്ചുപേര്‍ക്കാണ് മാരകമായി പരിക്കേറ്റത്. ഇതില്‍ ഒരുയുവാവിന്റെ താടിയിലും കഴുത്തിലും റബര്‍ ബുള്ളറ്റ് പതിച്ചതിന് സമാനമായ പരിക്കുകള്‍ കണ്ടതായി വാര്‍ത്താഏജന്‍സികള്‍ പറയുന്നു. പ്രതിഷേധം നടന്ന സ്ഥലത്തുനിന്നും ബുള്ളറ്റ് കെയ്സുകള്‍ കണ്ടെത്തിയതും വെടിവയ്പ്പ് നടന്നതിനെ സൂചിപ്പിക്കുന്നു.

വടക്കന്‍ ഷാന്‍ മേഖലയിലെ ലാഷിയോ പട്ടണത്തിലും യങ്കൂണിലും പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീ‌ര്‍വാതകവും സ്റ്റണ്‍ ഗ്രനൈഡുകളും പ്രയോഗിച്ചതിന്റെ തല്‍സമയ വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു.

മ്യാന്‍മറിലെ നൗ വെബ്സൈറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സൈനികരും പൊലീസുകാരും നിരായുധരായ മൂന്ന് പേരെ മ‌ര്‍ദ്ധിക്കുന്നതും അടിക്കുന്നതും കാണാം.

മ്യാന്‍മര്‍ പ്രക്ഷോഭം ഇതുവരെ

ഫെബ്രുവരി 1ന് നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വ‌ഞ്ചന ആരോപിച്ച്‌ ഓങ് സാങ് സൂചി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ തടഞ്ഞുവച്ച സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൂചിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ജനം തെരുവില്‍ ഇറങ്ങിയതോടെ സൂചിക്കെതിരെ സൈന്യം കള്ളക്കടത്ത് കേസ് ചുമത്തി. പ്രതിഷേധത്തിന് ശക്തി വ‌ര്‍ദ്ധിപ്പിച്ച്‌ കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. ഒപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. പ്രതിഷേധക്കാരെ അടിച്ചമ‌ര്‍ത്താന്‍ സൈന്യം നടത്തുന്ന അക്രമങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചിരിച്ചതോടെ ഇന്റെ‌ര്‍നെറ്റ് സൗകര്യവും വിശ്ചേദിച്ചു. പ്രതിഷേധം കടുപ്പിച്ച ജനത്തിനുനേരെ ജലപീരങ്കിയും കണ്ണീര്‍വാതകവുമായി പൊലീസ് അണിനിരന്നു . ജനാധിപത്യം പുനഃസ്ഥാപിക്കാതെ പിന്നോട്ടില്ലെന്ന് മ്യാന്‍മ‌ര്‍ ജനതയും. ഓങ് സാങ് സൂചിക്കെതിരെ പ്രകൃതി ദുരന്ത നിവാരണ നിയമപ്രകാരം രണ്ടാമതും കുറ്റം ചുമത്തി സൈന്യം. സൈന്യത്തിന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഴ്ചകളായി നടക്കുന്ന പ്രക്ഷോഭത്തിന് നേരെ പട്ടാളം നടത്തിയ വെടിവയ്ക്കില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം ശക്തമാകുമ്ബോഴും മാര്‍ച്ച്‌ രണ്ടിന് സൂചിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കി. പ്രതിഷേധത്തിനിടയില്‍ ഉണ്ടായ ആക്രമണത്തില്‍ മൊത്തം 35ഓളം പേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top