Monday, 14 Oct, 5.01 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സൂപ്പര്‍ എസ്-പ്രസോ

സ്.യു.വികളുടെ 'കുഞ്ഞന്‍" ശ്രേണിയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച പുത്തന്‍ മോഡലാണ് എസ്-പ്രസോ. മാനുവല്‍,​ എ.എം.ടി ഗിയര്‍ സംവിധാനങ്ങളിലായി ആറു വേരിയന്റുകള്‍ ഈ മൈക്രോ എസ്.യു.വിക്കുണ്ട്. മാരുതി സുസുക്കിയുടെ അറീന ഷോറൂമുകള്‍ വഴിയാണ് വില്‌പന. ഡല്‍ഹി എക്‌സ്‌ഷോറൂം വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപവരെ.

ഓള്‍ട്ടോ കെ10,​ സെലെറിയോ എന്നീ മോഡലുകള്‍ക്ക് മദ്ധ്യേ മാരുതി സുസുക്കിയുടെ 'അസാന്നിദ്ധ്യം" പ്രകടമായിരുന്ന ശ്രേണിയിലേക്കാണ് എസ്-പ്രസോയുടെ വരവ്. മാരുതി സുസുക്കിക്ക് പുറമേ മാരുതിയുടെ സ്വന്തം ഉപഭോക്താക്കളെ കൂടി തൃപ്‌തിപ്പെടുത്തുന്ന ശ്രേണിയാണ് എസ്-പ്രസോ തുറന്നിരിക്കുന്നത്. റെനോ ക്വിഡ് പോലൊരു മോഡല്‍,​ മാരുതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നവരെ ആകര്‍ഷിക്കുന്ന താരമാണ് എസ്-പ്രസോ.

ക്വിഡിന് റെനോ നല്‍കിയതു പോലെ,​ എസ്-പ്രസോയ്ക്ക് ഒരു 'ക്യൂട്ട്" ലുക്ക് പകരാനാണ് മാരുതി ശ്രമിച്ചിരിക്കുന്നത്. എന്നാല്‍,​ എസ്-പ്രസോയുടെ പരുക്കന്‍ ഭാവങ്ങളാണ് കൂടുതല്‍ രൂപകല്‌പനയില്‍ എടുത്ത് കാണിക്കപ്പെടുന്നത്. എസ്.യു.വി ലുക്കാണ് ഉള്ളതെങ്കിലും കുഞ്ഞന്‍ വീലുകളാണ് എസ്-പ്രസോയ്ക്ക്. അലോയ് വീല്‍ ഓപ്‌ഷനുമുണ്ട്. രണ്ടുനിര സീറ്റുകള്‍ ഉള്‍പ്പെടുന്ന അകത്തളത്തിലെ സെന്‍ട്രല്‍ കണ്‍സോളിലും എ.സി വെന്റുകളിലും ഓറഞ്ച് നിറംപൂശി ആകര്‍ഷകമാക്കിയിട്ടുണ്ട്. സ്‌റ്റിയറിംഗില്‍ ഓഡിയോ കണ്‍ട്രോള്‍ സ്വിച്ചുകളുണ്ട്. വാഗണ്‍ആറിലേതിന് സമാന ഇന്‍ഫോടെയ്‌ന്‍മെന്റ് ടച്ച്‌ സ്‌ക്രീനും കാണാം.

ലളിതമാണ് മുന്‍ഭാഗം. ആര്‍ഭാടങ്ങളില്ലാത്ത ഗ്രില്‍. ഓപ്‌ഷണലാണ് ഡേടൈം റണ്ണിംഗ് ലൈറ്ര്. ഡ്യുവല്‍ടോണ്‍ ബമ്ബറും ഇടംനേടിയിരിക്കുന്നു. പിന്നില്‍,​ 240-270 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. ഗ്രൗണ്ട് ക്ളിയറന്‍സ് 180 എം.എം. ബി.എസ്-6 ചട്ടം പാലിക്കുന്ന കെ10 - 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 68 പി.എസ് കരുത്തും പരമാവധി 90 എന്‍.എം ടോര്‍ക്കും ഉത്‌പാദിപ്പിക്കുന്ന എന്‍ജിനാണിത്. ലിറ്ററിന് 21.7 കിലോമീറ്ററാണ് മൈലേജ് വാഗ്‌ദാനം.

ഇന്ത്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന എസ്-പ്രസോയ്ക്ക് ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇ.ബി.ഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്), ഹൈസ്‌പീഡ് വാണിംഗ് അലര്‍ട്ട്, റിയര്‍ പാര്‍ക്കിംഗ് അസിസ്‌റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഏറെ സുഖകരമാണ് എസ്-പ്രസോയിലെ റൈഡിംഗ്. കാര്‍ ഡ്രൈവിംഗിലേക്ക് പുതുതായി എത്തുന്നവര്‍ക്കും ഏറെ അനായാസമായി എസ്-പ്രസോ ഓടിക്കാം. മാനുവലും എ.എം.ടി വേരിയന്റും ഇതേ മികവ് പുലര്‍ത്തുന്നു. ഉയര്‍ന്ന വേഗതയിലും മികച്ച നിയന്ത്രണം നേടാനും സാധിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top