Monday, 17 Feb, 11.20 am കേരളകൗമുദി

കേരളം
സുരേന്ദ്രന് തുടക്കം വെല്ലുവിളിയോടെ, പാര്‍ട്ടിയില്‍ മൂപ്പിളമ തര്‍ക്കം രൂക്ഷം, സ്ഥാനങ്ങള്‍ വേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം : മാസങ്ങളായി ഒഴിഞ്ഞു കിടന്ന കേരള ബി.ജെ.പി അദ്ധ്യക്ഷ കസേരയിലേക്ക് കെ.സുരേന്ദ്രനെ നിശ്ചയിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. കേന്ദ്ര നേതൃത്വത്തില്‍ മുരളീധരപക്ഷത്തിനുള്ള മേല്‍ക്കൈയാണ് സുരേന്ദ്രന് അനുകൂലമായി ഭവിച്ചത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ മനസറിഞ്ഞാണെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും സുരേന്ദ്രന്റെ സ്ഥാനലബ്ദിയില്‍ പരിഭവമുണ്ട്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് യുവരക്തത്തിന് പ്രാധാന്യം നല്‍കിയ കേന്ദ്ര നടപടിയ്‌ക്കെതിരെ പരസ്യമായി പ്രതികരിക്കാനാവില്ലെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനങ്ങളൊന്നും വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പ്രകടിപ്പിക്കുവാനൊരുങ്ങുകയാണവര്‍.

പ്രധാനമായും കൃഷ്ണദാസ് പക്ഷത്തെ നേതാക്കളാണ് പുതിയ സ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളത്. സ്ഥാനങ്ങള്‍ വേണ്ടെന്ന് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് എന്നിവര്‍ ഔദ്യോഗികമായി അറിയിക്കും. ജില്ലാപ്രസിഡന്റുമാരില്‍ ഭൂരിഭാഗവും കൃഷ്ണദാസ് പക്ഷത്തുള്ളവരാണ്. ആരാവണം സംസ്ഥാന അദ്ധ്യക്ഷനെന്ന് ഇവരോടടക്കം അഭിപ്രായം ആരാഞ്ഞ ശേഷം കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാക്കിയതില്‍ കൃഷ്ണദാസ് പക്ഷത്തിന് വിയോജിപ്പുണ്ട്. അതേസമയം പാര്‍ട്ടിയിലെ അനൈക്യം പുറത്തറിയാതിരിക്കാനുള്ള ശ്രമങ്ങള്‍ മുരളീധരപക്ഷം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായി ഇതിനായി ചര്‍ച്ചയ്ക്ക് ഇവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top