Saturday, 11 Jul, 4.33 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സ്വര്‍ണക്കടത്ത് കേസ്; എന്‍.ഐ.എ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു; സ്വര്‍ണം കടത്താനുപയോഗിച്ച ബാഗുകള്‍ കണ്ടെത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ സംഘം കസ്റ്റംസ് ഓഫീസിലെത്തി. ഒന്നാം പ്രതി സരിത്തിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കടത്താനുപയോഗിച്ച ബാഗുകള്‍ എന്‍.ഐ.എ. കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്. ഐസിസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്ക് ബന്ധമുണ്ടെന്ന അന്വേഷണം എന്‍.ഐ.എ ഊര്‍ജ്ജിതമാക്കുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകാര്‍ക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എന്‍.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം ചെന്നൈയിലേക്കാണ് കൊണ്ടുപോയതെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സ്വര്‍ണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോള്‍ എന്‍.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടില്‍ എന്‍.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.

തമിഴ്‌നാട് പൊലീസ് വര്‍ഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. ഇവരുടെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എന്‍.ഐ.എ കരുതുന്നു

യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജില്‍ സ്വര്‍ണംകടത്താന്‍ സംഘത്തെ ഉപയോഗിച്ചതിന് പിന്നില്‍ തീവ്രവാദസംഘടനകള്‍ക്കു പങ്കുണ്ടെങ്കില്‍ അതു രാജ്യസുരക്ഷയ്ക്കു വന്‍ ഭീഷണിയാണെന്ന വിലയിരുത്തലാണ് എന്‍.ഐ.എക്ക്. കേരളത്തില്‍ ഇതിനുമുമ്ബ് എത്തിയ സ്വര്‍ണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതില്‍ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top