Monday, 24 Jun, 1.50 am കേരളകൗമുദി

പ്രാദേശികം
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ അക്രമം

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച്‌ വീണ്ടും അക്രമികളുടെ അഴിഞ്ഞാട്ടം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ആറ്റുകാല്‍ ഇരുമ്ബ് പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രാവ് സതി എന്ന സതിയെ (47 ) മൂന്നംഗ ഗുണ്ടാസംഘം നഗരമദ്ധ്യത്തില്‍ വെട്ടിപ്പരിക്കേല്പിച്ചു. തലയ്‌ക്കും കൈയ്‌ക്കും വെട്ടേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലും ചെവിയിലുമായി 15 തുന്നലും കൈയിലെ വിവിധ ഭാഗങ്ങളിലായി 13 തുന്നലുമുണ്ട്. ഇന്നലെ രാത്രി 7.30ഓടെ പാളയം കണ്ണിമേറ മാര്‍ക്കറ്റിന് പിന്നിലെ ബൈറോഡിലാണ് സംഭവം. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: ഇരുവിഭാഗവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ആട്ടോ ഡ്രൈവര്‍മാരാണ് പ്രതികളെല്ലാം. പ്രാവ് സതിയെ പിന്തുടര്‍ന്ന് പഞ്ചാര ബിജു, പ്രമോദ് എന്നിവര്‍ ബേക്കറി ജംഗ്ഷനിലെത്തി. സതി കള്ളുഷാപ്പില്‍ കയറിയതോടെ ഇവരും കൂടെക്കയറി. രംഗം പന്തിയല്ലെന്ന് കണ്ടതോടെ സതി വേഗം മദ്യപിച്ച്‌ പുറത്തിറങ്ങാന്‍ തുടങ്ങി.

ഇതിനിടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഷാപ്പില്‍ നിന്നും പുറത്തിറങ്ങിയ സതി കണ്ണിമേറ മാര്‍ക്കറ്റിന് പിന്നിലെ വഴിയിലൂടെ പാളയം ജംഗ്ഷനിലേക്ക് പോകാന്‍ ശ്രമിക്കവെ പിറകെ മൂന്നംഗ സംഘവും കൂടി. മുന്‍വൈരാഗ്യത്തിന് കാരണമായ വിഷയങ്ങള്‍ പറഞ്ഞ് വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെ ആട്ടോയില്‍ കരുതിയിരുന്ന വടിവാള്‍ പുറത്തെടുത്ത സംഘം സതിയെ വെട്ടുകയായിരുന്നു.

നിലവിളികേട്ട് ആളുകള്‍ കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. രക്തംവാര്‍ന്ന നിലയില്‍ സതി ആട്ടോയില്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെത്തി. അവിടെനിന്ന് പൊലീസാണ് ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആറുമാസം മുമ്ബ് സതിയെയും മൂത്തമകന്‍ സജിത്തിനെയും ഇതേസംഘം വെട്ടിപ്പരിക്കേല്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഫോര്‍ട്ട് പൊലീസില്‍ ഇരുകൂട്ടര്‍ക്കുമെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top