Wednesday, 05 Aug, 2.50 am കേരളകൗമുദി

പ്രാദേശികം
താഴുവീണ പ്രതീക്ഷകള്‍...

ശ്രീകാര്യം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഉപകേന്ദ്രമായ പാങ്ങപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ കിടത്തി ചികിത്സയ്ക്കുള്ള ഉത്തരവ് ഇറങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ത്ഥ്യമായില്ലെന്ന് പരാതി. കോടികള്‍ മുടക്കി കിടത്തിചികിത്സയ്ക്കുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തന സജ്ജമാക്കാനായിട്ടില്ല. ഒരു ഹെഡ്നഴ്‌സ്, 4 സ്റ്റാഫ് നഴ്‌സ്, 2 ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യന്‍, ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകള്‍ സൃഷ്ടിച്ച്‌ ഉത്തരവും ഇറങ്ങിയിരുന്നെങ്കിലും എല്ലാ നടപടികളും കടലാസില്‍ മാത്രം ഒതുങ്ങി. പാങ്ങപ്പാറ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബഹുനില ആശുപത്രി മന്ദിരം നിര്‍മ്മിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ ഏതാനും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ബ്ലോക്ക് പഞ്ചായത്ത് ഒ.പി വിഭാഗവും നിര്‍മ്മിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ ചുമതല മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം സ്ഥിരമായി ലഭിച്ചതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു. ദിവസം 1500 ലേറെ ആളുകള്‍ വരെ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. എന്നാല്‍ കഴക്കൂട്ടം നിവാസികളുടെ ഏറെ നാളത്തെ പ്രതീക്ഷയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങളും ഉയരുന്നുണ്ട്. ഇടതുസര്‍ക്കാരും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയും പാങ്ങപ്പാറ ആശുപത്രിയെ തകര്‍ക്കാനാണ് നോക്കുന്നതെന്ന് കഴക്കൂട്ടം മുന്‍ എം.എല്‍.എ അഡ്വ. എം.എ. വാഹീദ് ആരോപിച്ചു. ആശുപത്രിയുടെ പിതൃത്വത്തെച്ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള തര്‍ക്കമാണ് പാങ്ങപ്പാറ ആശുപത്രിക്ക് വിനയാകുന്നതെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്.രാജീവ് പറഞ്ഞു. പദ്ധതി നടത്തിപ്പിലെ കാലതാമസം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉളവാക്കിയിട്ടുണ്ടെന്നും ആശുപത്രിയുടെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായ സമീപനമാണ് വേണ്ടതെന്നും കഴക്കൂട്ടം ജനകീയ വികസന സമിതി ജനറല്‍ സെക്രട്ടറിഎസ്. മനോഹരന്‍ പറയുന്നു.

നിലവില്‍ പരിമിതമായ സൗകര്യം

പുതിയ മൂന്നുനില കെട്ടിടം ഉണ്ടെങ്കിലും ആസ്ബസ്റ്റോസ് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലാണ് നിലവില്‍ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒ.പി ബ്ലോക്കിനും ക്വാര്‍ട്ടേഴ്‌സിനും മാത്രമാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുള്ളത്. കൂടാതെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നെത്തിച്ച ഐ.സി യൂണിറ്റുകളും കിടക്കകളും നിരവധി ആശുപത്രി ഉപകരണങ്ങളും കിടത്തിചികിത്സയ്ക്ക് ഏറെ പ്രയോജനകരമാണ്.

ആശുപത്രിക്കായി ഉള്ളത് - 2.75 ഏക്കര്‍

ആകെ ചെലവ് - 2.5 കോടി രൂപ

നിര്‍മ്മാണം പൂര്‍ത്തിയായിട്ട് - 4 വര്‍ഷം

 അറുപതിലധികം രോഗികളെ കിടത്തി ചികിത്സിക്കാം

 സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങിയത് 10 തസ്തികകളിലേക്ക്

പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തെ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെട്ടിടം പണിതതല്ലാതെ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ആധുനിക സൗകര്യങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അടിസ്ഥാന വികസനത്തിനുമായി തയ്യാറാക്കിയ പദ്ധതി ഉടന്‍ നടപ്പിലാക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top