Monday, 15 Jul, 3.50 am കേരളകൗമുദി

പ്രാദേശികം
തെറ്രായ വിവരം നല്‍കി; പണം തിരിച്ചു നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍

തിരുവനന്തപുരം: വിവരാവകാശപ്രകാരം ഉന്നയിച്ച ചോദ്യത്തിന് തെറ്രായ ഉത്തരം നല്‍കിയതിന്റെ പേരില്‍, താലൂക്ക് ഓഫീസ് അധികൃതര്‍ അപേക്ഷകന് പണം തിരിച്ചു നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവായി. ശരിയായ വിവരം അപേക്ഷകന് സൗജന്യമായി നല്‍കാനും ഉത്തരവിട്ടു. പേരൂര്‍ക്കടയില്‍ താമസിക്കുന്ന സഹോദരി സതിക്കുവേണ്ടി പത്തനംതിട്ട തട്ട കൃഷ്ണാലയത്തില്‍ ലാലന്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിനുളള മറുപടിയാണ് തെറ്റായി നല്‍കിയത്. ഒരു പേജിന് രണ്ട് രൂപ വീതം 40 പേജിന് 80 രൂപയാണ് ലാലന്‍ അടച്ചത്. സതി താമസിക്കുന്ന പേരൂര്‍ക്കട കുന്നുംപുറത്തെ വസ്തുവിന് പട്ടയം കിട്ടുന്നതിന് രണ്ടു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിരുന്നു. ഇവിടെ ജുലേഖ എന്നയാളാണ് താമസിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടര്‍ ലാന്‍ഡ് റവന്യൂ ട്രൈബ്യൂണലില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദവിവരം ചോദിച്ചതിനുള്ള മറുപടിയാണ് താലൂക്ക് ഓഫീസില്‍ നിന്ന് തെ​റ്റായി ലഭിച്ചത്. ലാലന് ലഭിച്ച വിവരാവകാശ മറുപടി സതി പട്ടയത്തിനു വേണ്ടി അപേക്ഷിച്ചതിന്റെ അനുബന്ധ രേഖകളാണ്. സതി താമസിക്കുന്ന കുന്നുംപുറത്തെ വീട് തൊണ്ണൂറ് വര്‍ഷമായി പിതാവ് ശ്രീധരന്റെ പേരിലുള്ളതാണെന്ന് വില്ലേജ് ഓഫീസിലെ രേഖകളിലുണ്ട്. എന്നാല്‍, ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഭൂമി ജുലേഖയുടെ പേരിലുള്ളതാണെന്ന് എഴുതിയിരുന്നു. ഇതേ തുടര്‍ന്നാണ് വിവരാവകാശ നിയമ പ്രകാരം ലാലന്‍ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടത്. ശരിയായ വിവരം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ലാലന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top