Friday, 02 Oct, 3.50 am കേരളകൗമുദി

പ്രാദേശികം
തിരു.മെഡിക്കല്‍ കോളേജില്‍ വീഴ്ചകളുടെ ഘോഷയാത്ര

തിരുവനന്തപുരം: കൊവിഡ് വ്യാപനം പിടിമുറുക്കിയ തലസ്ഥാനത്ത് ചികിത്സാ കേന്ദ്രങ്ങളുടെ നട്ടെല്ലായ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെ രോഗവ്യാപനവും അതിരുകടക്കുന്നു. ശരാശരി ഒരാഴ്ചയ്ക്കിടെ ആശുപത്രിയിലെത്തുന്ന 50പേര്‍ക്ക് കൊവിഡ‌് വ്യാപിക്കുന്നതായാണ് കണക്കുകള്‍. കൊവിഡ് വാര്‍ഡുകളും മറ്റ് വാ‌ര്‍ഡുകളും തമ്മില്‍ ഇടകലര്‍ത്തിയിരിക്കുന്നതും കൊവി‌ഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്യുന്നവരെ മറ്റ് വാ‌ര്‍ഡുകളിലേക്കും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുമാണ് കാരണം. കൊവിഡ് വാ‌ര്‍ഡുകള്‍ കടന്നുവേണം മറ്റ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും പരിശോധനകള്‍ക്കും മറ്റുമായി പോകേണ്ടത്. വ്യക്തമായ ക്രമീകരണമില്ലാതെ കൊവിഡ് വാര്‍ഡുകള്‍ നിശ്ചയിച്ചതിലുള്ള പിഴവ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇതില്‍ നടപടിയൊന്നുമുണ്ടായില്ല. അതേസമയം ജീവനക്കാരുടെ പരിമിതി രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്ന് നിരന്തരം ആക്ഷേപം ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഐ.സി.യുകളിലും വാര്‍ഡുകളിലും വരെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമമാണ്. നിലവില്‍ കുട്ടിരുപ്പുകാരെ ആശുപത്രിയില്‍ അനുവദിക്കുന്നില്ല. അവശേഷിക്കുന്ന ജീവനക്കാര്‍ക്ക് മേലെയാണ് കൂടുതല്‍ ചുമതലകള്‍. സൂക്ഷ്മ പരിചരണം വേണ്ട ഗുരുതരാവസ്ഥയിലുള്ളവരാണ് കൊവിഡ് വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത്. ഇവിടെയാണ് ജീവനക്കാരുടെ എണ്ണം പരിതാപകരമായ അവസ്ഥയില്‍ തുടരുന്നത്. രോഗിയെ പുഴുവരിച്ച ആറാം വാര്‍ഡിലും ആവശ്യമുള്ളതിന്റെ പകുതി നഴ്സുമാരേ ഡ്യൂട്ടിക്കുള്ളൂ. തലസ്ഥാനത്ത് മാത്രം കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ആയിരം കടക്കുന്ന സാഹചര്യത്തിലെങ്കിലും അധികൃതര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് സാധാരണക്കാരുടെ ആവശ്യം.

ഒന്നിനുപിറകെ ഒന്നായി വീഴ്ചകള്‍

കൊവിഡ് വാര്‍ഡില്‍ രോഗിയെ പുഴുവരിക്കേണ്ട അവസ്ഥയുണ്ടായതാണ് ഏറ്റവും ഒടുവിലത്തെ വീഴ്ച. സാധാരണക്കാര്‍ക്ക് ഏറ്റവും വിശ്വാസ്യതയില്‍ ചികിത്സ നല്‍കേണ്ട ആശുപത്രിയില്‍ നിന്ന് ഉത്തരവാദിത്വമില്ലാതെ പ്രവ‌ൃത്തികള്‍ അരങ്ങേറുന്നത് കൊവിഡ് കാലത്ത് പതിവാകുന്നുവെന്ന ആക്ഷേപവും ശക്തമായി. വാര്‍ഡുകളില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം കിടന്നതും ഇൗ അടുത്തായിരുന്നു.

അഞ്ചാം വാര്‍ഡില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മാറ്റാതെ തൊട്ടടുത്തുള്ള ടേബിളില്‍ രോഗികള്‍ക്കായി ചായ വിളമ്ബിയതും വിവാദമായിരുന്നു. കൊവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വീട്ടിലേക്കയച്ചതും കൊവിഡ് സ്‌ഥിരീകരിച്ച ഇയാളെ പിന്നീട് തിരിച്ചു വിളിച്ചതും വീഴ്ചയായിരുന്നു. മണിക്കൂറുകള്‍ ഇടവിട്ടുള്ള ആത്മഹത്യകളും ആശുപത്രിയെ പ്രതിക്കൂട്ടിലാക്കി.

ബലിയാടാവാന്‍ കീഴ്ജീവനക്കാര്‍

വീഴ്ചകള്‍ വീണ്ടു വീണ്ടും ആവര്‍ത്തിക്കുമ്ബോള്‍ നടപടിക്ക് വിധേയമാകുന്നത് ആശുപത്രിയിലെ കീഴ് ജീവനക്കാര്‍ മാത്രമാണെന്ന ആക്ഷേപവും ശക്തമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ വീഴ്ചകള്‍ ഇവരുടെ മേല്‍ ചാരി തലയൂരുന്നതായും ആശുപത്രിയിലെ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top