Monday, 13 May, 5.46 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
തോക്കിനേയും തോല്‍പ്പിച്ചു: ആന്ധ്രയിലെ മാവോ കേന്ദ്രത്തില്‍ നിന്നും കഞ്ചാവ് വേട്ട കഴിഞ്ഞ് ഷാഡോ പൊലീസ് തിരിച്ചെത്തിയത് ജീവന്‍ പണയം വച്ച്‌

തിരുവനന്തപുരം: ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയില്‍ നടത്തിയ നാലുകോടിയിലേറെ രൂപയുടെ കഞ്ചാവ് വേട്ടയ്ക്ക് ശേഷം സിറ്റി ഷാഡോ പൊലീസ് മടങ്ങിയെത്തിയത് തോക്കിന്‍ മുനയിലൂടെ. കഞ്ചാവ് കച്ചവടക്കാരെന്ന വ്യാജേന നക്സല്‍ മേഖലയിലെ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരനെ വലയിലാക്കിയ പൊലീസ് മവോയിസ്റ്റുകളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഞ്ചാവുമായി വന്ന കാറിന് പൈലറ്റായി ബൈക്കിലെത്തിയ യുവാക്കളാണ് ഓപ്പറേഷനൊടുവില്‍ തോക്കുമായി പൊലീസിനെ വിരട്ടാന്‍ ഒരുമ്ബെട്ടത്. മനോധൈര്യം കൈവിടാതെ തന്ത്രപരമായി അവരെ നേരിട്ട ആറംഗ ഷാഡോ പൊലീസ് സംഘം ജീവന്‍ പണയം വച്ച്‌ മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് സുരക്ഷിതരായി കഴിഞ്ഞദിവസം നാട്ടിലെത്തിയത്.

പൂന്തുറ പൊലീസ് മാസങ്ങള്‍ക്കുമുമ്ബ് പിടികൂടിയ കഞ്ചാവിനെപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണ് ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്ത് ദാക്ഷായണിയെന്ന സ്ഥലത്തെ കഞ്ചാവ് കച്ചവട സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. സംഘത്തലവനായ പ്രസാദിനെ പണവുമായി സമീപിച്ചാല്‍ ആവശ്യമുള്ള കഞ്ചാവ് ലഭിക്കുമെന്നറിഞ്ഞ പൊലീസ് പരീക്ഷണത്തിന് തയ്യാറായി. പൂന്തുറ എസ്.എച്ച്‌.ഒ സാബു വിവരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. ഷാഡോ പൊലീസിന്റെ സഹായത്തോടെ ഓപ്പറേഷന് പദ്ധതി തയ്യാറായി. കഞ്ചാവ് മാഫിയയ്ക്ക് സംശയം തോന്നാത്ത വിധം കച്ചവടക്കാരെന്ന വ്യാജേന അവരുടെ മടയിലേക്ക് പോകാനായി പ്ളാന്‍. രണ്ട് വാഹനങ്ങളും അഞ്ച് ലക്ഷത്തോളം രൂപയുടെ 'ഷോമണി'യും ( കഞ്ചാവ് വാങ്ങാനെന്ന വ്യാജേന കൊണ്ടുപോയ പണം)റെഡി. തമിഴ്നാട് വഴി ആന്ധ്രയിലേക്ക് തിരിച്ച പൊലീസ് സംഘം രണ്ടാം ദിവസം സ്ഥലത്തെത്തി.ദാക്ഷായണിയിലെ റൂമിലെത്തി. പ്രസാദിനെ നേരില്‍കണ്ടു. തമിഴ് നന്നായി സംസാരിക്കുന്ന സംഘത്തോട് അറിയാവുന്ന തമിഴില്‍ കാര്യം അവതരിപ്പിച്ചു. പണമുള്‍പ്പെടെ കണ്ട് ബോദ്ധ്യപ്പെട്ടതിനാലും സംശയമൊന്നും തോന്നാത്ത സംഘം ഡീല്‍ ഉറപ്പിച്ചു. സംഘത്തിലെ ഒരാളെ ഗ്യാരന്റിക്കായി പൊലീസ് സംഘത്തിനൊപ്പം നിര്‍ത്തി സ്പെയര്‍ കാറുമായി കഞ്ചാവ് ലോബി അവിടെ നിന്ന് 113 കിലോ മീറ്റര്‍ അകലെയുള്ള കുന്നിന്‍ മുകളിലേക്ക് പോയി.

പൊലീസിന്റെ പിടിയില്‍പ്പെടാതെ സുരക്ഷിതമായി മടങ്ങാന്‍ കഴിയും വിധം കഞ്ചാവും വാഹനവും ബൈപ്പാസിലെത്തിക്കണമെന്നായിരുന്നു കഞ്ചാവ് ലോബിയുമായുള്ള ധാരണ. ഇതനുസരിച്ച്‌ നാല് മണിക്കൂര്‍ പിന്നിടും മുമ്ബ് കഞ്ചാവ് നിറച്ച്‌ വാഹനം തിരിച്ചെത്തി. വാഹനത്തിന് പൈലറ്റായി ഒരു ബൈക്കില്‍ രണ്ടുപേരുണ്ടായിരുന്നു. അവര്‍ നല്‍കുന്ന സൂചനകളനുസരിച്ച്‌ ചെക്കിംഗൊന്നും ഇല്ലെന്ന് ഉറപ്പാക്കിയാണ് കഞ്ചാവെത്തിക്കുക. കഞ്ചാവ് നിറച്ച്‌ വാഹനവുമായി എത്തിയ വിശാഖപട്ടണം കെ.ഡി.പേട്ട സ്വദേശി ശ്രീനുവെന്ന ശ്രീനിവാസിനെ (21) പൊലീസ് വലയിലാക്കി. ഈസമയത്താണ് കൈവശം കരുതിയിരുന്ന തോക്കുമായി ബൈക്കിലെത്തിയ സംഘം പൊലീസിനെ നേരിടാനൊരുങ്ങിയത്. എന്നാല്‍ മനസാന്നിദ്ധ്യം കൈവിടാതെ പൊലീസ് ശക്തമായി പ്രതിരോധിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച രണ്ടംഗ സംഘം രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകം കിലോ മീറ്ററുകള്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ ശ്രീനിവാസനെ കഞ്ചാവ് സഹിതമെത്തിച്ച പൊലീസ് സംഘം പിന്നീട് മണിക്കൂറുകള്‍ക്കകം തമിഴ്നാട് വഴി തലസ്ഥാനത്തെത്തിച്ചേരുകയായിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവുമായെത്തുന്നവരെ പിടികൂടുന്നത് പതിവാണെങ്കിലും ഉറവിടത്തിലെത്തി തൊണ്ടി സഹിതം പ്രതികളെ പിടികൂടിയ സന്ദര്‍ഭങ്ങള്‍ അത്യപൂര്‍വ്വമാണ്. ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. ആദിത്യ, അസി. കമ്മിഷണര്‍മാരായ പ്രമോദ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ സുനിലാല്‍, ഷാഡോ എ.എസ്.ഐ ഗോപകുമാര്‍, അരുണ്‍കുമാര്‍ , യശോധരന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ശ്രീനിവാസനെ പിടികൂടിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top