Thursday, 18 Jul, 12.14 am കേരളകൗമുദി

തിരുവനന്തപുരം
തൊളിക്കോട് ജംഗ്ഷന് വികസനം വേണം

വിതുര : തിരുവനന്തപുരം - പൊന്‍മുടി സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനായ തൊളിക്കോടിന്റെ വികസനം നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് ആസ്ഥാനം കൂടിയായ തൊളിക്കോട് ജംഗ്ഷനില്‍ നൂറോളം വ്യാപാരസ്ഥാപനങ്ങളും, നിരവധി ധനകാര്യസ്ഥാപനങ്ങളും, പള്ളികളും, സ്കൂളുകളും, യു.എെ.ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. അപകടങ്ങള്‍ പതിവായ തൊളിക്കോട് ജംഗ്ഷന്‍ നവീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൊളിക്കോട് ജംഗ്ഷന്‍ വികസിപ്പിക്കാനായി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കടലാസിലുറങ്ങുകയാണ്. റോഡിന്റെ വീതിക്കുറവ് മൂലം വിതുരയില്‍ നിന്നും നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതു വഴി പോകുന്നത്. പാലോട് കാലങ്കാവില്‍ നിന്നുള്ള ഇടറോഡ് വന്നു ചേരുന്നതും തൊളിക്കോട് ജംഗ്ഷനിലാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഇവിടെ യാതൊരു ഗതാഗതനിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ട്രാഫിക് നിയന്ത്രിക്കുവാനായി പൊലീസിന്റെ സേവനം ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒാടകള്‍ നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ മഴയായാല്‍ ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്യും. പച്ചക്കറികളും മീനും മറ്റും റോഡരികില്‍ കച്ചവടം നടത്തുന്നത് പതിവാണ്. അനധികൃത പാര്‍ക്കിംഗ് കൂടിയാകുമ്ബോള്‍ ഗതാഗതപ്രശ്നം രൂക്ഷമാകും. ഇരുചക്രവാഹനങ്ങളുള്‍പ്പടെ റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ജംഗ്ഷനിലെ പതിവ് കാഴ്ചയാണ്. ഇൗ മേഖലയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. തൊളിക്കോട് മുതല്‍ വിതുര വരെയുള്ള വീതി കുറഞ്ഞ റോഡില്‍ അനവധി അപകടങ്ങളും, അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ജംഗ്ഷന്‍ നവീകരണം വൈകിയാല്‍ അപകടങ്ങളുടെ ഗ്രാഫ് ഇനിയും ഉയരുവാന്‍ സാദ്ധ്യതയുണ്ട്. ജംഗ്ഷന്‍ ആധുനിക രീതിയില്‍ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിനോദസഞ്ചാരകേന്ദ്രങ്ങളായ പൊന്‍മുടി, ബോണക്കാട്, പേപ്പാറ, കല്ലാര്‍, മീന്‍മുട്ടി, വാഴ്വാന്‍തോള്‍, ചാത്തന്‍കോട് എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ തൊളിക്കോട് ജംഗ്ഷന്‍ താണ്ടണം. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടങ്ങളിലേക്ക് പോകുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top