Wednesday, 04 Sep, 12.11 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
തൊട്ടതെല്ലാം പരമ്ബരപ്പൊന്ന്

വിന്‍ഡീസില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച്‌ ഇന്ത്യന്‍ ടീമിന്റെ രാജകീയ പര്യടനം

ജമൈക്ക : കരീബിയന്‍ പര്യടനത്തിലെ ഒറ്റ മത്സരത്തില്‍പ്പോലും തോല്‍ക്കാതെ വിരാടും സംഘവും ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉന്നതിയിലെത്തിച്ചു. കഴിഞ്ഞ രാത്രി ജമൈക്കയിലെ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെ 257 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 2-0ത്തിന് പരമ്ബര തൂത്തുവാരുകയായിരുന്നു. ട്വന്റി - 20 ഏകദിന പരമ്ബരകളിലും ഒരു മത്സരത്തില്‍പ്പോലും ജയിക്കാന്‍ ഇന്ത്യ ആതിഥേയരെ അനുവദിച്ചിരുന്നില്ല. ഈ വിജയത്തോടെ നായകനായി ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തില്‍ വിരാട് കൊഹ്‌ലി മഹേന്ദ്രസിംഗ് ധോണിയെ മറികടക്കുകയും ചെയ്തു.

ജമൈക്കയില്‍ ആദ്യ ഇന്നിംഗ്സില്‍ 416 റണ്‍സ് നേടിയിരുന്ന ഇന്ത്യ വിന്‍ഡീസിനെ 117 റണ്‍സിന് ആള്‍ ഔട്ടാക്കിയെങ്കിലും ഫോളോ ഓണിനിറക്കിയില്ല. പകരം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങി 168/4 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്തു. ഇപ്പോടെ 468 റണ്‍സ് ലക്ഷ്യവുമായി മൂന്നാം ദിനം ഒടുവില്‍ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസ് നാലാം ദിനം ചായയ്ക്ക് മുന്നേ 210 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും (111) രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറിയും (53) നേടിയ ഹനുമ വിഹാരിയാണ് മത്സരത്തിലെ മാന്‍ ഒഫ് ദ മാച്ച്‌. വിദേശ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ഹനുമ വിഹാരി. പോളി ഉമ്രിഗര്‍, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, സച്ചിന്‍, ജയ്‌സിംഹ എന്നിവരാണ് ഇക്കാര്യത്തിലെ മുന്‍ഗാമികള്‍.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സില്‍ ഹാട്രിക് അടക്കം 27 റണ്‍സ് വഴങ്ങി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ‌്പ്രീത് ബുംറയാണ് തിളങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജഡേജയും ഷമിയും ബൗളിംഗില്‍ തിളങ്ങി. ഇശാന്ത് രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി.

45/2 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിന് വേണ്ടി ബ്രൂക്ക്സ് (50) അര്‍ദ്ധ സെഞ്ച്വറി നേടി പൊരുതി നോക്കി. നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ 39 റണ്‍സും തലയ്ക്ക് പരിക്കേറ്റ ഡാരന്‍ ബ്രാവോയ്ക്ക് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ബ്ളാക്ക് വുഡ് 38 റണ്‍സും നേടി.

3-0

മൂന്ന് ട്വന്റി - 20 കളുടെ പരമ്ബരയിലെ ഇന്ത്യയുടെ വിജയമാര്‍ജിന്‍

2-0

മൂന്ന് ഏകദിനങ്ങളില്‍ ഒന്ന് മഴയെടുത്തപ്പോള്‍ ഇന്ത്യയുടെ പരമ്ബര മാര്‍ജിന്‍

2-0

ടെസ്റ്റിലെ ഇന്ത്യന്‍ വിജയമാര്‍ജിന്‍

318

റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ വിജയിച്ചത്.

257 റണ്‍സിന് രണ്ടാം വിജയം

7-0

ഈ പര്യടനത്തില്‍ ഏഴ് മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്.

28

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നല്‍കിയ ഇന്ത്യന്‍ നായകനായി വിരാട് കൊഹ്‌ലി. ധോണിയുടെ 27 വിജയങ്ങളുടെ റെക്കാഡാണ് കൊഹ്‌ലി മറികടന്നത്. 45 മത്സരങ്ങളില്‍ നിന്നാണ് കൊഹ്‌ലി 28 വിജയങ്ങള്‍ നേടിയത്. ധോണി 60 മത്സരങ്ങളില്‍ 27 എണ്ണമാണ് വിജയിച്ചത്.

ഒരു ഇന്നിംഗ്സില്‍ പോലും 250 റണ്‍സെങ്കിലും നേടാന്‍ കഴിയാതെയാണ് വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്.

120

പരമ്ബരയിലെ രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യയ്ക്ക് ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ 120 പോയിന്റായി. ഇന്ത്യയാണ് പട്ടികയില്‍ മുന്നില്‍.

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് പോയിന്റ് പട്ടിക

(ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്)

ഇന്ത്യ 2-2-0-0-120

ന്യൂസിലന്‍ഡ് 2-1-1-0-60

ശ്രീലങ്ക 2-1-1-0-60

ആസ്ട്രേലിയ 3-1-1-1-32

ഇംഗ്ളണ്ട് 3-1-1-1-32

ഇന്ത്യന്‍ സ്റ്റാര്‍സ് ഒഫ് ദ സിരീസ്

ജസ്‌പ്രീത് ബുംറ

13 വിക്കറ്റുകളാണ് ബുംറ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വീഴ്ത്തിയത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് റണ്‍സ് നല്‍കി അഞ്ച് വിക്കറ്റ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗസില്‍ ഹാട്രിക് അടക്കം ആറ് വിക്കറ്റ്.

ഇശാന്ത് ശര്‍മ്മ

ആകെ 11 വിക്കറ്റുകള്‍. ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 57 റണ്‍സ് നേടി. കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറി.

രവീന്ദ്ര ജഡേജ

6 വിക്കറ്റുകളും 75 റണ്‍സുമായി മികച്ച ആള്‍ റൗണ്ട് പ്രകടനം. ആദ്യ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറി (58)

അജിങ്ക്യ രഹാനെ

271 റണ്‍സ്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും. രണ്ടാം ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറി.

ഹനുമ വിഹാരി

289 റണ്‍സ്. ആദ്യ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറി. രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും

മായാങ്ക് അഗര്‍വാള്‍, വിരാട് കൊഹ്‌ലി, കെ.എല്‍. രാഹുല്‍, ഷമി തുടങ്ങിയവര്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചപ്പോള്‍ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരാണ് ബാറ്റിംഗില്‍ നിരാശപ്പെടുത്തിയത്.

ട്വന്റി - 20 സ്പെഷ്യലിസ്റ്റായി അറിയപ്പെട്ടിരുന്ന ജസ്‌പ്രീത് ബുംറ ഏകദിനത്തിലും ട്വന്റി - 20യിലും ഏറ്റവും പൂര്‍ണനായ ബൗളറായി മാറിയിരിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ചപേസ് ബൗളര്‍ ബുംറ തന്നെ. ബുംറ, അജിങ്ക്യ, ഇശാന്ത്, ജഡേജ, ഷമി, വിഹാരി തുടങ്ങിയവരുടെയൊക്കെ കൂട്ടായ പരിശ്രമമാണ് ഇന്ത്യയ്ക്ക് സമ്ബൂര്‍ണ വിജയം സമ്മാനിച്ചത്.

വിരാട് കൊഹ്‌ലി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top