Sunday, 22 Sep, 1.14 am കേരളകൗമുദി

തിരുവനന്തപുരം
തോട്ടുമുക്ക്- ആനപ്പെട്ടി റോഡും തകര്‍ന്നു

വിതുര: പൊന്‍മുടി - തിരുവനന്തപുരം സംസ്ഥാനപാതയില്‍ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കില്‍ നിന്ന് ആനപ്പെട്ടിയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. റോഡിന്റെ മിക്ക ഭാഗത്തും മെറ്റലിളകി മണ്‍പാതയായി മാറിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായി മാറി. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചാരം എളുപ്പമല്ല. വിതുര, തൊളിക്കോട്, ആനാട്, ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ സ്കൂളുകളിലേക്കായി നൂറുകണക്കിന് വിദ്യാ‌ത്ഥികള്‍ കടന്നുപോകുന്ന റോഡ് കൂടിയാണിത്. ഗട്ടറുകളുടെ എണ്ണം പെരുകിയതോടെ റോഡിന്റെ വീതിയും കുറഞ്ഞു. അപകടങ്ങള്‍ ചൂണ്ടിക്കാട്ടി അനവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും അനക്കമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി റോഡരികുകള്‍ വെട്ടിപ്പൊളിച്ച്‌ പൈപ്പ് ലൈന്‍ സ്ഥാപിച്ചത് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കുടിവെള്ളപദ്ധതിക്കായി കുഴിയെടുത്തെങ്കിലും വേണ്ടവിധം മൂടാതെയാണ് കരാറുകാരന്‍ സ്ഥലം വിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ പ്രശ്നം കരാറുകാരെ അറിയിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തോട്ടുമുക്ക്, പത്തേക്കര്‍,ആനപ്പെട്ടി നിവാസികള്‍ പറയുന്നു.

തിരഞ്ഞെടുപ്പ് വേളകളില്‍ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് മുന്നില്‍ റോഡ് ചോദ്യചിഹ്നമാകാറുണ്ട്. വിജയിപ്പിച്ചാല്‍ റോഡ് നന്നാക്കാമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും കാര്യം സാധിച്ചാല്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.

ആനപ്പെട്ടി റോഡിന് പുറമേ തോട്ടുമുക്ക് കന്നുകാലിവനം റോഡും തകര്‍ന്ന് തരിപ്പണമായി മാറിയിട്ട് മാസങ്ങളേറെയായി. അപകടങ്ങളും നിരന്തരം അരങ്ങേറുന്നുണ്ട്. മഴയായാല്‍ റോഡ് ചെളിക്കുളമായി മാറും.നാട്ടുകാര്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് ഫണ്ട് അനുവദിച്ചെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കന്നുകാലിവനം നിവാസികള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top