Tuesday, 29 Oct, 10.36 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
തുറന്നുകിടക്കുന്ന കുഴല്‍കിണറുകളെല്ലാം ഉടനെ മൂടണം: കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകളെല്ലാം മൂടണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള കുഴല്‍ക്കിണറില്‍ വീണ് രണ്ടര വയസുകാരന്‍ മരണമടഞ്ഞ സംഭവം കണക്കിലെടുത്താണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ ഉപയോഗശൂന്യമായ കുഴല്‍കിണറുകളെല്ലാം മൂടണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് തുറന്ന കിണറുകള്‍ ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടുണ്ടെങ്കിലും വിവിധ വകുപ്പുകള്‍ കര്‍ശനമായ പരിശോധന നടത്തി ഉപയോഗശൂന്യമായ കുഴല്‍കിണറുകള്‍ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ അവ ഉടന്‍തന്നെ മൂടണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയതായി പിണറായി വിജയന്‍ പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തില്‍ വേണം ഈ പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2012-13 കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് തുറന്നുകിടക്കുന്ന അവസ്ഥയിലുള്ള കുഴല്‍ക്കിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ 8258 കുഴല്‍ക്കിണറുകള്‍ ഭൂജല വകുപ്പ് നിര്‍മിച്ചുവെന്നും അതില്‍ സ്വകാര്യ ഏജന്‍സികള്‍ നിര്‍മ്മിച്ച കുഴല്‍ക്കിണറുകളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ കിണറുകള്‍ മൂടുന്ന കാര്യം സംബന്ധിച്ച്‌ വ്യവസായ വകുപ്പിനും ഭൂജല, തദ്ദേശ വകുപ്പുകള്‍ക്കും കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top