Monday, 02 Sep, 12.41 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വൈറ്റ്ഹൗസ് പ്രതിനിധിയുമായി സ്വാമി ഗുരുപ്രസാദ് കൂടിക്കാഴ്ച നടത്തി

ശിവഗിരി: നോര്‍ത്ത് അമേരിക്കയില്‍ ശിവഗിരി മഠത്തിന്റെ ആശ്രമശാഖ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറിയും ആശ്രമത്തിന്റെ മുഖ്യസംഘാടകനുമായ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റ്ഹൗസ് പ്രതിനിധിയുമായി കൂടിക്കാഴ്‌ച നടത്തി. ഏഷ്യന്‍, അമേരിക്കന്‍, പെസഫിക് ദ്വീപ സമൂഹങ്ങളുടെ ചുമതലയും സെന്റര്‍ ഫോര്‍ ഫെയ്‌ത്ത് ആന്‍ഡ് ഓപ്പര്‍ച്യൂണിറ്റി വകുപ്പും കൈകാര്യം ചെയ്യുന്ന എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹോളിഹാമുമായാണ് ചര്‍ച്ച നടത്തിയത്. ശിവഗിരി ആശ്രമം ഒഫ് നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ച്‌ അശോകന്‍ കൃഷ്ണന്‍, ജയരാജ് ജയദേവന്‍, സന്ദീപ് പണിക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സന്ദര്‍ശനത്തിനു മുന്നോടിയായി ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും ശിവഗിരിമഠത്തെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങള്‍ വൈറ്റ്ഹൗസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുദേവന്റെ വിഖ്യാതമായ സന്ദേശത്തെ അവലംബിച്ച്‌ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍, ദലയ് ലാമയുടെ ശിവഗിരി സന്ദര്‍ശനം, ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള ശിവഗിരി പ്രതിനിധി സംഘം സന്ദര്‍ശിച്ച്‌ ഗുരുദേവകൃതികള്‍ സമ്മാനിച്ചതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശനാനുമതി തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്‌ക്കൊപ്പം വൈറ്റ്ഹൗസ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ദൈവദശകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ഒപ്പമുണ്ടായിരുന്നു. ഡാളസില്‍ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും പിന്തുണ ഉറപ്പാക്കുകയുമായിരുന്നു സന്ദര്‍ശന ലക്ഷ്യം. ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വാമി ഗുരുപ്രസാദ് വൈറ്റ്ഹൗസ് പ്രതിനിധിയോട് വിശദീകരിച്ചു. ഡാളസിലെ ഗ്രാന്റ് പ്രയറിയിലെ ആശ്രമശാഖയുടെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വൈറ്റ്ഹൗസ് പ്രതിനിധിയെയും ക്ഷണിച്ചു.

വര്‍ഷവും ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലെ ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ചും ഗുരുകല്പിതമായ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും ഹോളിഹാമിനെ വിശദമായി ധരിപ്പിച്ചു. വിദ്യാഭ്യാസ വിഷയങ്ങളില്‍ ശിവഗിരി ആശ്രമം കാണിക്കുന്ന ഔല്‍സുക്യത്തില്‍ ഹോളിഹാം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ യു.എസ് സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടനുവദിക്കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കുമെന്ന് ഹോളിഹാം അറിയിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ മഹനീയ ജീവിതത്തെയും ദര്‍ശനത്തെയും കുറിച്ച്‌ അശോകന്‍ കൃഷ്ണന്‍ വിശദീകരിച്ചു. അദ്ദേഹത്തിന്റെ ശ്രീനാരായണഗുരു - എ പെര്‍ഫെക്‌ട് യൂണിയന്‍ ഒഫ് ബുദ്ധ ആന്‍ഡ് ശങ്കര എന്ന ഗ്രന്ഥത്തിന്റെ പ്രതി സമ്മാനിച്ചു. പുസ്തകത്തിന്റെ കോപ്പികള്‍ യു.എസ് കോണ്‍ഗ്രസ് ലൈബ്രറിയില്‍ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗരേഖകളും ഹോളിഹാം വിശദീകരിച്ചു. ഗുരുദര്‍ശനത്തെ മുന്‍നിറുത്തി ശിവഗിരിമഠം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിക്കുകയും സര്‍ക്കാര്‍ പിന്തുണ വാഗ്‌ദാനവും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുമ്ബോള്‍ ശിവഗിരിയിലെത്താന്‍ പ്രത്യേക താത്പര്യമെടുക്കുമെന്നും അവര്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top