Monday, 15 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
വക്കം മാര്‍ക്കറ്റ് ജംഗ്ഷന്‍ - ഇറങ്ങ്കടവ് റോഡില്‍ ഇഴഞ്ഞിഴഞ്ഞ് ഓട നിര്‍മ്മാണം

വക്കം: വെള്ളക്കെട്ട് ഒഴിവാക്കാനായി ആരംഭിച്ച വക്കം മാര്‍ക്കറ്റ് ജംഗ്ഷന്‍ - ഇറങ്ങ്കടവ് റോഡിലെ ഓട നിര്‍മ്മാണം ഇഴയുന്നതായി പരാതി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ഘട്ടം ഘട്ടമായി ആരംഭിച്ച ഓട നിര്‍മ്മാണം മുക്കാലവട്ടം ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ ഓടയ്ക്കായി എടുത്ത കുഴിയുടെ സമീപത്തെ വീടിന്റെ മതില്‍ തകര്‍ന്നു വീണു. അതോടെ ഓട നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ സമിതി റോഡും ഓട നിര്‍മ്മിക്കേണ്ട സ്ഥലവും പരിശോധിച്ച ശേഷം റോഡരികില്‍ കുഴിയെടുത്ത് ഓട നിര്‍മ്മാണം വേണ്ടന്ന നിലപാട് എടുക്കുകയായിരുന്നു. പിന്നെ റോഡിന്റെ ഏതാണ്ട് മദ്ധ്യഭാഗം കുഴിച്ച്‌ ഓട നിര്‍മ്മിക്കാന്‍ ധാരണയായി. തുടര്‍ന്ന് റോഡ് കുഴിച്ച്‌ ഒാട നിര്‍മ്മാണം തുടങ്ങിയതോടെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഓട നിര്‍മ്മാണം അനിശ്ചിതമായി നീണ്ടതോടെ നാട്ടുകാരും, വാഹനയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. റോഡില്‍ പലസ്ഥലത്തായുള്ള മണ്‍കൂനകള്‍ ഇത് വഴിയുള്ള കാല്‍നടയാത്ര പോലും ദുസഹമാക്കി. മഴക്കാലമായതിനാല്‍ ചെളിക്കെട്ടും വ്യാപകമാണ്. ഈ റോഡ് വഴി കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഇല്ലെങ്കിലും നിരവധി സ്കൂള്‍ ബസുകള്‍ ഓടുന്നുണ്ടായിരുന്നു. സ്കൂള്‍ ബസ് ഇവിടേക്ക് എത്താത്തതിനാല്‍ വിദ്യാര്‍ത്ഥികളുമായി മറ്റിടങ്ങളില്‍ പോയി നില്‍ക്കേണ്ട ബുദ്ധിമുട്ടും രക്ഷിതാക്കള്‍ക്കള്‍ക്കുണ്ട്. എത്രയും പെട്ടെന്ന് ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

അടഞ്ഞത് എളുപ്പ വഴി

വക്കം മേഖലയില്‍ നിന്നും അഞ്ചുതെങ്ങ് റോഡിലേക്ക് കയറാനുള്ള എളുപ്പവഴിയാണിത്. ഇതടഞ്ഞതോടെ ലക്ഷ്യത്തിലെത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് നാട്ടുകാര്‍. തോപ്പിക്ക വിളാകത്തെ റെയില്‍വേ ഗേറ്റ് അടഞ്ഞാല്‍ വാഹനങ്ങള്‍ക്ക് മറ്റ് റോഡുകളിലെത്താനുള്ള ഏക റോഡും കൂടിയാണിത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top