Wednesday, 21 Apr, 12.33 am കേരളകൗമുദി

മലപ്പുറം
വാ‌ക്‌സിന് തിക്കും തിരക്കും

മലപ്പുറം: കൊവിഡ് രണ്ടാംതരംഗത്തിന് പിന്നാലെ ജില്ലയിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിക്കുംതിരക്കും. വലിയ തിരക്കുള്ള കേന്ദ്രങ്ങളില്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പ് നല്‍കുന്നത്. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാത്രം 300 പേര്‍ക്ക് ടോക്കണ്‍ നല്‍കി. 500 പേര്‍ വരെ കുത്തിവയ്പ്പിന് എത്തിയ കേന്ദ്രങ്ങളുണ്ട്.

നേരത്തെ ഒരുകേന്ദ്രത്തില്‍ ശരാശരി 80 പേരാണ് വാക്‌സിനെടുക്കാന്‍ എത്തിയിരുന്നത്. 120 സര്‍ക്കാര്‍ സെന്ററുകളിലൂടെയും 27 സ്വകാര്യ ആശുപത്രികളിലൂടെയും 4 മൊബൈല്‍ യൂണിറ്റുകളിലൂടെയുമാണ് നിലവില്‍ വാക്സിനേഷന്‍ ചെയ്യുന്നത്. കൊവിഡ് രണ്ടാംതരംഗം ശക്തിപ്രാപിക്കുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തതോടെയാണ് വാക്ഡസിനെടുക്കാന്‍ എത്തുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിച്ചതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. ഷഹീര്‍ പറഞ്ഞു. വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച വിവരങ്ങളും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് തീരാനിരിക്കെ തിങ്കളാഴ്ച 30,​000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിച്ചതാണ് ആശ്വാസമായത്. രണ്ടുദിവസമായി ഈ വാക്‌സിനാണ് വിതരണം ചെയ്യുന്നത്. നാളെ 10,​000 ഡോസ് കൂടി എത്തും. ഇങ്ങനെയെങ്കിലും ഇതു രണ്ടു ദിവസത്തേക്ക് മാത്രമേ ഉണ്ടാവൂ. ഒരുദിവസം ശരാശരി 15,​000ത്തോളം പേര്‍ ജില്ലയില്‍ വാക്‌സിനെടുക്കുന്നുണ്ട്. കൂടുതല്‍ പേര്‍ എത്തുന്നുണ്ടെങ്കിലും പല കേന്ദ്രങ്ങളിലും വാക്‌സിനില്ല. ഇതോടെ വാക്‌സിനെടുക്കാതെ മടങ്ങേണ്ട അവസ്ഥയിലാണ്. പലയിടങ്ങളിലും ഇത് ബഹളത്തില്‍ കലാശിക്കുന്നുണ്ട്. കുത്തിവയ്പ്പിന് കൂടുതല്‍ പേരെത്തുന്ന കേന്ദ്രങ്ങളിലേക്ക് അധികമായി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

എടുത്തത് മൂന്നിലൊന്ന് പേര്‍

ജില്ലയില്‍ തിങ്കളാഴ്ച്ച വൈകിട്ട് വരെ 4,49,483 പേര്‍ കുത്തിവയ്പ്പെടുത്തു. ഇതില്‍ 4,07,826 പേര്‍ക്ക് ഒന്നാം ഡോസും 41,857 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 21,915 ആരോഗ്യപ്രവര്‍ത്തകരും 8,901 കൊവിഡ് മുന്നണി പോരാളികളും 4,394 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും എടുത്തു കഴിഞ്ഞു.മേയ് പകുതിയോടെ 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനായിരുന്നു ജില്ലാ ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഈ പ്രായപരിധിയില്‍ 11 ലക്ഷത്തോളം പേരുണ്ട്. 3,23,549 പേര്‍ ഒന്നാം ഡോസും 6,647 പേര്‍ക്ക് രണ്ടാം ഡോസും ഇന്നലെ വരെ നല്‍കി. മാര്‍ച്ച്‌ ഒന്നുമുതലാണ് ജില്ലയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. 42 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നല്‍കേണ്ടത്. അടുത്തമാസം ആദ്യത്തോടെ കൂടുതല്‍ പേര്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടി വരും. ഇതിനകം വാ‌ക്‌സിന്‍ ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവും. വാക്‌സിന്‍ കുറവ് മൂലം മെഗാ ‌വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ നിറുത്തിയിട്ടുണ്ട്.

ഒരാഴ്ച്ചത്തേക്ക് ഒരുലക്ഷം ഡോസ് എന്ന കണക്കിന് കിട്ടിയാല്‍ മാത്രമേ കുത്തിവയ്പ്പ് സുഗമമായി കൊണ്ടുപോകാനാവൂ.

ഡോ. രാജേഷ്,​ ജില്ലാ നോഡല്‍ ഓഫീസര്‍.

ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. യാതൊരു കാരണവശാലും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന പരമാവധി ആളുകളുടെ എണ്ണം യഥാക്രമം 75, 150 എന്ന നിലയില്‍ നിജപ്പെടുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണവും ഈ രീതിയില്‍ നിജപ്പെടുത്തണം. 60 കഴിഞ്ഞവര്‍, രോഗികള്‍ തുടങ്ങിയവര്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളില്‍ നിന്ന് മാത്രം പ്രാര്‍ത്ഥനകള്‍ നടത്തുക

ഡോ.കെ.സക്കീന,

ഡി.എം.ഒ

റംസാനില്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

  • ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കുക വീട്ടില്‍ സൗകര്യമുള്ളവര്‍ വീട്ടില്‍ നിന്ന് തന്നെ നോമ്ബ് തുറക്കുക.
  • പള്ളിയില്‍ പോകുന്നവര്‍ വീട്ടില്‍നിന്ന് തന്നെ അംഗശുദ്ധി ചെയത് പോകുക. പള്ളിയില്‍ പോകുന്നവര്‍ നിസ്‌കരിക്കാനുള്ള മുസല്ല കൊണ്ടുപോവുക.
  • പുറത്തു പോകുമ്ബോഴും പള്ളിയില്‍ ആയിരിക്കുമ്ബോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.
  • പള്ളിയില്‍ പ്രാര്‍ത്ഥനാ സമയത്ത് സാമൂഹിക അകലം പാലിക്കുക.
  • പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം കൈകള്‍ വൃത്തിയായി കഴുകുക. വൃത്തിയായി കുളിക്കുക.
  • ആരാധനാലയങ്ങളില്‍ എ സി ഒഴിവാക്കി ജനവാതിലുകള്‍ തുറന്നിട്ട് മാത്രം പ്രാര്‍ത്ഥന നടത്തുക.
  • ആരാധനാലയങ്ങളില്‍ കൈ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്റൈസര്‍ കൈകഴുകുന്നതിനുള്ള സോപ്പ്, വെള്ളം, തെര്‍മല്‍ സ്‌കാനര്‍ മുതലായവ ഉറപ്പുവരുത്തുക
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top