Friday, 17 Sep, 2.46 am കേരളകൗമുദി

Breaking Thiruvananthapuram
വലിയമലയില്‍ വഴിയാധാരമാവില്ല ഐ.എസ്.ആര്‍.ഒയ്ക്ക് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടപരിഹാരം

നെടുമങ്ങാട്: നീണ്ട കാത്തിരിപ്പിനും കനത്ത പ്രതിഷേധത്തിനും ഒടുവില്‍ ഐ.എസ്.ആര്‍.ഒ വികസനത്തിന് ഭൂമി വിട്ടുകൊടുത്ത വലിയമലയിലെ 191 കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയാവുന്നു. ഭൂമി വില ഇനത്തില്‍ 68.23 കോടി രൂപയുടെ ചെക്ക് ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ നാരായണന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഏറ്റെടുക്കുന്നതിന് നിശ്ചയിച്ച 68 ഏക്കര്‍ ഭൂമിയില്‍ നാലേക്കര്‍ നിലമായിരുന്നു ഇത്. കരഭൂമിയായി പരിവര്‍ത്തനം ചെയ്താല്‍ മാത്രമേ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കൂവെന്ന ഐ.എസ്.ആര്‍.ഒയുടെ പിടിവാശിയാണ് നടപടികള്‍ വൈകിച്ചത്.

ആറ് മാസത്തിനകം നഷ്ടപരിഹാരത്തുക നല്കുമെന്ന ഉറപ്പില്‍ വിജ്ഞാപനം പുറപ്പെടുവിച്ച്‌ നാല് വര്‍ഷം പിന്നിടുമ്ബോഴാണ് ഭൂമി ഏറ്റെടുക്കല്‍ കര തൊടുന്നത്. നോട്ടീസ് ലഭിച്ചത് കാരണം വിളവെടുപ്പിനോ, സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനോ ഭൂവുടമകള്‍ക്ക് സാധിച്ചിരുന്നില്ല. വായ്പ എടുത്ത് കൃഷി തുടങ്ങിയവര്‍ ജപ്തി നടപടികളില്‍ കുരുങ്ങി. ഭൂമി കൈമാറ്റത്തിനോ വായ്പ എടുക്കാനോ കഴിഞ്ഞിരുന്നില്ല.

തലമുറകള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ നിന്ന് ഒഴിഞ്ഞ കൈയോടെ ഇറങ്ങിപ്പോകേണ്ടി വരുമോ എന്ന ആധിയില്‍ പി.എസ്.എല്‍.വി കവാടത്തില്‍ അനിശ്ചിതകാല സമരത്തിലായിരുന്നു നാട്ടുകാര്‍. 113 കോടി രൂപയാണ് നഷ്ടപരിഹാരമായി കളക്ടര്‍ ഐ.എസ്.ആര്‍.ഒയോടു ആവശ്യപ്പെട്ടിരുന്നത്.

ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പുനരധിവാസത്തിന് 1.36 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഭൂമി വില കിട്ടാതെ ഒഴിഞ്ഞു പോകില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു നാട്ടുകാര്‍. ഇതിനിടെ ഭൂമി ഏറ്റെടുക്കലില്‍ നിന്ന് ഐ.എസ്.ആര്‍.ഒ പിന്തിരിയുന്നുവെന്ന കിംവദന്തി പരന്നതും പ്രതിഷേധം വഷളാക്കി.

ഭൂമി വില ഇനത്തില്‍ അനുവദിച്ചത് 68.23 കോടി

ഭൂമി വിട്ട് കൊടുത്തത് - 191 കുടുംബങ്ങള്‍

സ്ഥലം വിട്ട് കൊടുത്തത് - 2018ല്‍

കൂട്ടായ്മയുടെ ഫലം

രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയിരുന്ന നാല് ഏക്കര്‍ കരഭൂമിയായി മാറ്റുന്നതില്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ അഡ്വ. ജി.ആര്‍. അനിലിന്റെ മുന്‍കൈയില്‍ നടന്ന കൂട്ടായ പരിശ്രമമാണ് നാട്ടുകാരുടെ കണ്ണീരിന് ഫലമുണ്ടാക്കിയത്. റവന്യു മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയില്‍ ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍, കണ്‍ട്രോളര്‍, സിവില്‍ എന്‍ജിനിയര്‍മാര്‍ എന്നിവര്‍ യോഗം ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ വാല്യുവേഷന്‍ അനുസരിച്ചാണ് വില നിശ്ചയിച്ചത്. ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പ്രഖ്യാപനം നടത്തി. അളവും പാരിസ്ഥിതി ആഘാത പഠനവും പൂര്‍ത്തിയാക്കി. ഐ.എസ്.ആര്‍.ഒ ഉന്നയിച്ച ആശങ്ക പരിഹരിച്ചതോടെ നടപടികള്‍ വേഗത്തിലായി. സ്ഥലം എം.പി അഡ്വ. അടൂര്‍ പ്രകാശ് വിഷയം രേഖാമൂലം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവന്നതും ഐ.എസ്.ആര്‍.ഒയെ ഉണര്‍ത്തി.

കുട്ടികളുടെ സങ്കട ഹര്‍ജി

ഐ.എസ്.ആര്‍.ഒയുടെ അനാസ്ഥയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസികളായ നാല് കുട്ടികള്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തും ഫലം കണ്ടു. കുട്ടികളുടെ സങ്കട ഹര്‍ജി തുടര്‍നടപടികള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടര്‍ക്കും ഐ.എസ്.ആര്‍.ഒയ്ക്കും കൈമാറി. അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് കളക്ടര്‍ ഐ.എസ്.ആര്‍.ഒ മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച്‌ കത്തെഴുത്തിന് നേതൃത്വം നല്‍കിയ കുമാരി അനശ്വരയ്ക്ക് ജൂലായ് 7 ന് കളക്ടര്‍ രേഖാമൂലം മറുപടിയും നല്‍കി.

അന്തിമ വിലനിര്‍ണയ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ തുക വിതരണം ആരംഭിക്കും. സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമാണ്. വികസനത്തിനൊപ്പം മനുഷ്യരുടെ അവകാശങ്ങളും സംരക്ഷിക്കും.

മന്ത്രി അഡ്വ. ജി.ആര്‍. അനില്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top