Saturday, 21 Sep, 1.51 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വനിതാ പൊലീസുകാരെ ഫോണ്‍ വിളിച്ച്‌ 'കൊച്ചു' വര്‍ത്തമാനം പറയുന്ന വിരുതനെ തേടി പൊലീസ്

തിരുവനന്തപുരം: ഫോണിലൂടെ നിരന്തരം അശ്ലീലം പറയുന്ന വിരുതന്‍ കാരണം സഹികെട്ടിരിക്കുകയാണ് നഗരത്തിലെ പൊലീസ്. വനിതാ പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ 'കൊച്ചു' വര്‍ത്തമാനം പറയുന്ന ഇയാള്‍ പുരുഷന്മാരാണെങ്കില്‍ 'വലിയ' വര്‍ത്തമാനത്തിലേക്ക് കടക്കും. ഇത് പതിവായതോടെ വനിതാ സ്റ്റേഷനില്‍ ഫോണ്‍ റിസീവര്‍ സദാസമയവും മാറ്റി വയ്ക്കേണ്ട ഗതികേടിലാണ്.

അതിനാല്‍, എന്തെങ്കിലും ആവശ്യത്തിന് വനിതാ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്കും ലൈന്‍ കിട്ടാറില്ല.

തെറി പറയുന്ന യുവാവിനെതിരെ നിരവധി തവണ കേസ് എടുത്തെങ്കിലും കലാപരിപാടി തുടരുകയാണ്. മ്യൂസിയം സ്റ്റേഷനില്‍ വിളിച്ച്‌ സ്റ്റേഷന്‍ ഹൗസ് ഓഫിസറെ പച്ചത്തെറിയഭിഷേകം നടത്തിയതിന് ഇയാളെ പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ജയില്‍ നിന്ന് ഇറങ്ങിയതിനുശേഷം പുതിയ തരം തെറികള്‍ കേള്‍ക്കുന്നു എന്നത് ഒഴിച്ചാല്‍ പ്രത്യേകിച്ച്‌ ഗുണമെന്നുമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നത്.

മൂന്നു നേരവും 'മുന്തിയ' പദപ്രയോഗങ്ങള്‍ അടങ്ങിയ കോളുകള്‍ എത്തും. രാവിലെയോടെ തുടങ്ങുന്ന തെറിപ്രയോഗം രാത്രിയോടെ അവസാനിക്കുന്ന തരത്തിലാണ് ഈ യുവാവിന്റെ ശല്യം. ജനമൈത്രി ആയതില്‍ പിന്നെ ഭാഷയ്ക്ക് കുറച്ചു ശുദ്ധി കൈവന്ന പൊലീസുകാരെയും നാണിപ്പിക്കുന്ന രീതിയിലാണ് അശ്ളീല വാക്കുകളുടെ പ്രയോഗം. പൊലീസ് സ്റ്റേഷന്‍ ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാകും ഇയാളുടെ പദപ്രയോഗം. ജില്ലയ്ക്ക് പുറത്തുനിന്നും ഇയാള്‍ വ്യത്യസ്ത നമ്ബറുകളില്‍ നിന്ന് തെറിവിളി തുടരുന്നതോടെ ഇയാളെ പൊക്കാനുറച്ച്‌ അന്വേഷണം നടത്തുകയാണ് പൊലീസ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top