Monday, 22 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
വാവുബലിക്കും മോചനമില്ല...

നെടുമങ്ങാട്: പിതൃതര്‍പ്പണം നടത്താന്‍ അരുവിക്കരയില്‍ എത്തുന്നവരുടെ ക്ഷമ പരീക്ഷിക്കുകയാണ് ഇക്കുറിയും അധികൃതര്‍. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കാടുകയറിയ ഉദ്യാനം, ഇരുള്‍മൂടിയ ഇടവഴികള്‍. 26 മുതല്‍ 31 വരെ കാര്‍ഷിക വ്യാവസായിക പ്രദര്‍ശന മേളയ്ക്ക് ഡാം സൈറ്റ് വേദിയാകാനിരിക്കെ, എല്ലാം പതിവ് കാഴ്ചകള്‍. ഇവിടെ നടക്കാനിരിക്കുന്ന പ്രദര്‍ശന മേളകളില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തും. ബലിതര്‍പ്പണത്തിനും വന്‍ തിരക്കാവും അനുഭവപ്പെടുക. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച്‌ ഡാം സൈറ്റില്‍ നിര്‍മ്മിച്ച ബലിമണ്ഡപത്തിന് പുറമെ, പൊലീസ് സ്റ്റേഷന് സമീപത്തായി ഗ്രാമപഞ്ചായത്തും ഒരു ബലിക്കടവ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍, സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് യാതൊരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. വിനോദ സഞ്ചാര സാദ്ധ്യത കൂടി കണക്കിലെടുത്ത് കുടുംബസമേതമാണ് ആളുകള്‍ അരുവിക്കര എത്തുന്നത്. വഴുക്കന്‍ പാറകളും കയങ്ങളും കൊണ്ട് നിറഞ്ഞ ആറ്റിലും ഡാം റിസര്‍വോയറിലും അപായ സൂചന ബോര്‍ഡുകളോ, സുരക്ഷാ വേലിയോ സ്ഥാപിച്ചിട്ടില്ല.

ബലിമണ്ഡപങ്ങളിലും ഡാം സൈറ്റിലും സുരക്ഷാക്രമീകരണങ്ങളില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി പി.കെ. മധു അരുവിക്കര സന്ദര്‍ശിച്ചു. തിരക്ക് നിയന്ത്രിക്കാനും ഗതാഗതം ക്രമീകരിക്കാനും കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാന്‍ നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

നെടുമങ്ങാട്, വെള്ളനാട് ഭാഗങ്ങളില്‍ നിന്ന് ഇവിടെയെത്താനുള്ള പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസനത്തിന് 42 കോടി രൂപയുടെ അംഗീകാരം ലഭിച്ച്‌ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലാന്‍ഡ് സര്‍വേ നടപടികള്‍ പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അപകടകരമായ വളവുകള്‍ ഒഴിവാക്കി റോഡ് നിര്‍മ്മിക്കുക എന്നതാണ് എസ്റ്റിമേറ്റില്‍ പറയുന്നത്. പക്ഷെ, സ്ഥലം ഏറ്റെടുക്കല്‍ കീറാമുട്ടിയായി തുടരുകയാണ്.

പരാതി കേട്ടു മടുത്ത അരുവിക്കര ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവില്‍ രണ്ടു മിനി ഹൈമാസ്റ്റ് വിളക്കുകള്‍ പാര്‍ക്കിലും ബലിക്കടവിലുമായി സ്ഥാപിച്ചെങ്കിലും ഉദ്‌ഘാടന മാമാങ്കത്തിനായി വൈകിക്കുകയാണ്. വൈദ്യുതി ബില്ല് ഗ്രാമപഞ്ചായത്ത് ഒടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിട്ടി അനുവാദം നല്‍കിയത്. ഇക്കാര്യത്തില്‍ പഞ്ചായത്ത് ഭരണസമിതിയിലെ തര്‍ക്കമാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ കാഴ്ച വസ്തുവായി മാറാന്‍ കാരണമെന്നും ആരോപണമുണ്ട്.

ചുറ്റും കാടുമൂടിയ പാര്‍ക്ക് ഇഴജന്തുക്കളുടെ കേന്ദ്രമാണ്. വാട്ടര്‍ ഫൗണ്ടന്‍, ഊഞ്ഞാല്‍, സ്ലയിസുകള്‍ എന്നിവയടക്കം നിരവധി കളിക്കോപ്പുകള്‍ പാര്‍ക്കില്‍ കേടായി കിടപ്പാണ്. അറ്റകുറ്റപ്പണി നടത്താത്ത കളിക്കോപ്പുകളിലെ വിനോദം അപകടകരമാണെന്ന് സന്ദര്‍ശകര്‍ക്ക് പരാതിയുണ്ട്. എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച്‌ രണ്ടുവര്‍ഷം മുമ്ബ് സ്ഥാപിച്ച കളിക്കോപ്പുകളാണ് ഇപ്പോഴുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top