Monday, 07 Oct, 3.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വീണ്ടും നാണംകെട്ട് ഇമ്രാന്‍ ഖാന്‍,​ ദാരിദ്ര്യം കണ്ടറിഞ്ഞ് ദാനം നല്‍കിയ വിമാനം സൗദി തിരിച്ചുവാങ്ങി,​ കാരണം ഇതാണ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന് യാത്ര ചെയ്യാന്‍ സൗദി നല്‍കിയ സ്വകാര്യ വിമാനം തിരിച്ചുവാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ മാഗസിനായ ഫ്രൈഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ വച്ച്‌ ഇമ്രാന്‍ ഖാന്‍ നടത്തിയ നീക്കങ്ങളാണ് സൗദിയെ ചൊടിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐക്യരാഷ്ട്രസഭയുടെ 74ാം പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ എത്തുന്നതിന് മുമ്ബ് ഇമ്രാന്‍ സൗദി സൗന്ദര്‍ശിച്ചിരുന്നു. ന്യൂയോര്‍ക്കിലേക്ക് പോകാന്‍ വാണിജ്യ വിമാനം തിരഞ്ഞെടുത്ത ഇമ്രാനോട് തന്റെ സ്വന്തം വിമാനം ഉപയോഗിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുകയായിരുന്നു. സാമ്ബത്തിക ഞെരുക്കത്തിലായ പാകിസ്ഥാനെ കരകയറ്റുന്നതിനായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് ദീര്‍ഘയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പും അമേരിക്കയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുവാനെത്തിയപ്പോള്‍ യാത്രാവിമാനത്തെയാണ് ഇമ്രാന്‍ ഖാന്‍ ആശ്രയിച്ചത്.

ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ സെപ്റ്റംബര്‍ 28നായിരുന്നു പാകിസ്ഥാനിലേക്ക് മടങ്ങിയത്. അന്ന് സൗദിയുടെ വിമാനം ഉപയോഗിക്കുന്നതിന് പകരം വാണിജ്യ വിമാനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സൗദി നല്‍കിയ വിമാനത്തിന് സാങ്കേതികതകരാരാണെന്നാണ് ഇമ്രാന്‍ ഖാന്റെ ഓഫീസ് അറിയിച്ചത്. എന്നാല്‍ സൗദി നല്‍കിയ വിമാനത്തിന് സാങ്കേതിക തകരാര്‍ ഇല്ലെന്നാണ് ഫ്രൈഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ വച്ച്‌ ഇമ്രാന്‍ ഖാന്‍ നടത്തിയ നയതന്ത്ര ഇടപെടലാണ് സൗദിയെ ചൊടിപ്പിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായും അദ്ദേഹം ചര്‍ച്ച നടത്തി. മൂവരും ചേര്‍ന്ന് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രതിനിഥിയാകാന്‍ തീരുമാനിച്ചു. കൂടാതെ മറ്റുചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന് സൗദി അറേബ്യയുടെ അനുമതി വാങ്ങിയിരുന്നില്ല. ഇതോടൊപ്പം

എര്‍ദോഗാനും മഹാതീറും ഇമ്രാന്‍ ഖാനും ചേര്‍ന്ന് ബി.ബി.സി മാതൃകയില്‍ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. മുസ്ലിം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇസ്ലാമോഫോബിയക്കെതിരെ പോരാടുക തുടങ്ങിയ ലക്ഷ്യത്തിലാണ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇക്കാര്യം സൗദിയുമായി ചര്‍ച്ച ചെയ്തിരുന്നില്ല. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് സൗദി കിരീടാവകാശിയും പാകിസ്ഥാനും തമ്മില്‍ അതൃപ്തിയുണ്ടായതെന്നാണ് മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം,​ ഈ റിപ്പോര്‍ട്ട് തള്ളി പാകിസ്ഥാന്‍ രംഗത്തെത്തി. കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും പാകിസ്ഥാന്റെയും സൗദിയുടെയും നേതാക്കള്‍ തമ്മില്‍ നല്ല ബന്ധമാണ്. തുര്‍ക്കി, മലേഷ്യ നേതാക്കളുമായി നടത്തിയ ചര്‍ച്ചയും വിജയകരമായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എല്ലാം തള്ളുന്നുവെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top