Sunday, 11 Aug, 12.14 am കേരളകൗമുദി

തിരുവനന്തപുരം
വെള്ളക്കെട്ടില്‍ മുങ്ങി വക്കം റോഡ്

വക്കം: ഇടറോഡുകളാല്‍ സമ്ബന്നമാണ് വക്കം. എന്നാല്‍ മഴക്കാലമായാല്‍ ഈ റോഡുകളൊന്നും കാണാന്‍പോലും കഴിയില്ല. അത്രയും വെള്ളമാണ് ഇവിടെ. മഴവെള്ളത്തില്‍ ഇവിടുത്തെ റോഡുകള്‍ മുങ്ങും. വക്കത്തെ പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും അവസ്ഥ ഇതാണ്. നിലയ്ക്കാമുക്കില്‍ നിന്നും ആരംഭിക്കുന്ന പ്രധാന റോഡ് തോപ്പില്‍ക്കടവില്‍ എത്തുന്നതിനിടയില്‍ പത്തോളം ഇടങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. പല സ്ഥലങ്ങളിലും ഓടകള്‍ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിലാകട്ടെ ഓടകള്‍ കവിഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വെള്ളക്കെട്ടിന് കാരണമാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നിലയ്ക്കമുക്കില്‍ നിന്നും വക്കത്തേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലേയും ഓടകള്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്താതിരുന്നതും പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിന് കാരണമായി. ഇവിടെ ഓടകള്‍ക്ക് മൂടിയില്ലാത്തത് പെട്ടന്ന് ഓടകള്‍ നിറയുന്നതിന് കാരണമായി. ശാസ്ത്രിയമായ രീതിയില്‍ റോഡുകളും ഓടകളും സംരക്ഷിച്ചില്ലങ്കില്‍ നിലവിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാകും.

ഇടറോഡുകളിലെ വെള്ളം സമീപത്തെ പുരയിടങ്ങളില്‍ ഒഴുക്കാനോ, റോഡുകളില്‍ ചെറു ഓടകള്‍ നിര്‍മ്മിച്ചോ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ സ്ഥിരം വെള്ളക്കെട്ട് കാണുന്ന പ്രദേശങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി മണ്ണിട്ട് ഉയര്‍ത്തിയാല്‍ വെള്ളക്കെട്ടിന് താത്കാലിക ശമനം കണ്ടെത്താം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top