Sunday, 09 May, 10.11 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വെള്ളത്തില്‍ അലിയിച്ചു കഴിക്കാം,​ ഡി ആര്‍ ഡി ഒയുടെ കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണം 11 മുതല്‍ ,​ ആശുപത്രികളില്‍ വിതരണത്തിന് ക്രമീകരണം

ന്യൂഡല്‍ഹി : കൊവിഡ് ചികിത്സയില്‍ വന്‍ നേട്ടം കുറിച്ച്‌ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ( 2 ഡി ജി ) മേയ് 11 മുതല്‍ അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങുമെന്നു മേധാവി ജി.സതീഷ് റെഡ്ഡി അറിയിച്ചു.ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്.

കോവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് മരുന്ന് എന്ന് സതീഷ് പറഞ്ഞു. ലഭ്യതയ്ക്ക് അനുസരിച്ച്‌ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്ന് ഉപയോഗിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ ഫലം കാണും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ സഹായത്തോടെ, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി. ആര്‍. ഡി. ഒയുടെ ഡല്‍ഹിയിലെ ലബോറട്ടറിയായ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടും (ഇന്‍മാസ്) ഹൈദരാബാദിലെ ഡോ.റെഡ്ഢീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മരുന്ന് രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നല്‍കിയ കൂടുതല്‍ രോഗികള്‍ക്കും പെട്ടെന്നുതന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.

രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവര്‍ക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top