Wednesday, 10 Jul, 2.14 am കേരളകൗമുദി

തിരുവനന്തപുരം
വെള്ളായണിക്കായല്‍ മുക്കിയ കര്‍ഷക സ്വപ്നങ്ങള്‍

കോവളം: വെള്ളായണിക്കായലിനോട് ചേര്‍ന്ന് വെള്ളത്തിനടിയിലായ പട്ടയഭൂമിയുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തീരുമാനം എങ്ങുമെത്താതെ നീളുന്നു.

2 വര്‍ഷം മുമ്ബ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എടുത്ത യോഗ തീരുമാനങ്ങളാണ് ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാല കൃഷിയിറക്കിയിരുന്ന ഇവിടം ശുദ്ധജല സംഭരണിയായി സംരക്ഷിക്കേണ്ടതിനാല്‍ വെള്ളം വറ്റിച്ച്‌ നെല്‍ക്കൃഷി ചെയ്യുന്നതില്‍ പിന്നീട് തടസം നേരിട്ടു. 1992 ല്‍ കൃഷിയിറക്കാതായതോടെ വെള്ളം പെരുകി ഇന്ന് കാണുന്ന കായലിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതോടെ കായലിന്റെ പടിഞ്ഞാറ് കല്ലിയൂര്‍ പഞ്ചായത്തിലെ പുഞ്ചക്കരി കിരീടം പാലം മുതല്‍ വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തിലെ പനങ്ങോട് വരെയുള്ള അഞ്ച് കിലോമീറ്റ‌ര്‍ ദൂരത്തിലുള്ള ഭൂമി ജലത്തിനടിയിലാവുകയായിരുന്നു. തുടര്‍ന്ന് കൃഷിഭൂമി നഷ്ടപ്പെട്ട പട്ടയ ഉടമകള്‍ റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് ജലവിഭവ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കുന്നതിനും ജില്ലാ കളക്ടര്‍ ജില്ലാതല വിലനിര്‍ണയ സമിതി എന്നിവര്‍ ചേര്‍ന്ന് ന്യായമായ സ്ഥലവില നിശ്ചയിക്കാനും ഡി.എല്‍.എഫ്.സി റേറ്റ് റവന്യൂ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് എസ്.എല്‍.ഇ.സി കമ്മിറ്റി സ്ഥലവില നിശ്ചയിക്കുന്നതിനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ 2 വര്‍ഷം പിന്നിട്ടിട്ടും പട്ടയഭൂമിയു‌ടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.

നടപടിക്രമങ്ങള്‍ നാളിതുവരെ

1. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ജമീലാ പ്രകാശം എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് കര്‍ഷകരുടെ ഭൂമിക്ക് ന്യായമായ പ്രതിഫലം നല്‍കി ഏറ്റെടുക്കാനും ഇതിനായി സ്ഥലം സര്‍വേ ചെയ്ത് ഭൂമി കൈവശം വച്ചിരിക്കുന്ന ക‌ര്‍ഷകരുടെ പട്ടിക തയാറാക്കി ഭൂമി വേലികെട്ടി അതിരുകള്‍ അടയാളപ്പെടുത്താനും 2013ല്‍ റവന്യൂ വകുപ്പ് തീരുമാനമെടുത്തിരുന്നു.

2. വെള്ളായണിക്കായല്‍ സംരക്ഷണം സംബന്ധിച്ച്‌ ഒരു മാനേജ്മെന്റ് ആക്ഷന്‍ പ്ളാന്‍ തയാറാക്കി പരിസ്ഥിതി വകുപ്പിന് നല്‍കുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം പരിസ്ഥിതി വകുപ്പ് ആവശ്യമായ ശുപാര്‍ശ സഹിതം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ ഹിയറിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

3. റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്കായി പട്ടയഭൂമിയുടെ അക്വിസിഷനും സംരക്ഷണത്തിനായി 167.35 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ അധികാരികളുടെ അനാസ്ഥകാരണം പദ്ധതി വീണ്ടും നീളുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top