Dailyhunt

വേനല്‍ മഴയില്‍ പരക്കെ നാശം  മണക്കാട് ട്രാൻസ്ഫോര്‍മറിന് മുകളിലേക്ക് മരം വീണു

തൊടുപുഴ: ഇന്നലെ വൈകിട്ട് പെയ്ത വേനല്‍ മഴയില്‍ തൊടുപുഴ മേഖലയില്‍ പരക്കെ നാശം. മണക്കാട് വില്ലേജ് ഓഫീസിന് സമീപം ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ട്രാൻസ്‌ഫോർമറിന് മുകളിലേക്ക് വീണു.

റോഡരികില്‍ നിന്ന മരം എതിർവശത്തുള്ള ട്രാൻസ്ഫോർമറിലേക്ക് പതിക്കുകയായിരുന്നു. ഒരു മണിക്കൂറോളം റോഡില്‍ ഗതാഗതം തടസപ്പെട്ടു. തൊടുപുഴ അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികൃതരുമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.

ചുങ്കം സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര പൂർണമായും കാറ്റില്‍ പറന്നുപോയി. മഴയില്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിച്ച്‌ ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും ചുങ്കം സെന്റ് മേരീസ് പള്ളിയുടെ കെട്ടിടത്തിന്റെ ഷീറ്റ് വിരിച്ച മേല്‍ക്കൂര പൂർണമായും പറന്നു പോകുകയായിരുന്നു. ഷീറ്റ് സമീപത്തെ മരത്തില്‍ തങ്ങി നില്‍ക്കുന്നതും ദൃശ്യമായിരുന്നു.

ഇതില്‍ ഒരു മുറി സ്വകാര്യ സ്ഥാപനത്തിന്റെ സാനിറ്ററി സാമഗ്രഹികളും ഫിറ്റിങ്ങുകളും സൂക്ഷിക്കുന്ന ഗോഡൗണായിരുന്നു. ഇതിലേയ്ക്കാണ് മഴ പെയ്തിറങ്ങിയത്. വലിയ വിലയുള്ള സാധനങ്ങള്‍ മഴയില്‍ നശിക്കുകയായിരുന്നു. ഇതിനു സമീപത്തെ ഇലക്‌ട്രിക്കല്‍ കടയുടെ ഗോഡൗണിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi