പ്രാദേശികം
വേണം, സര്‍ക്കാര്‍ 'ചാര്‍ജ് '

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മുന്‍കൈയെടുത്ത് നിരത്തിലിറക്കുകയും പിന്നീട് കട്ടപ്പുറത്താകുകയും ചെയ്ത വൈദ്യുത ഓട്ടോറിക്ഷകളെ വീണ്ടും നിരത്തിലിറക്കാന്‍ അധികൃതരുടെ കരുണ തേടി തൊഴിലാളികള്‍. പദ്ധതിയെ കൊച്ചി മെട്രോ പൂര്‍ണായും കൈവിട്ട നിലയിലാണ്. കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസുകളാണ് ഇ ഓട്ടോ പദ്ധതി ആസൂത്രണം ചെയ്തത്. തുടക്കത്തില്‍ 36 ഓട്ടോകളാണ് നിരത്തിലിറക്കിയത്. പിന്നീട് 300 ആക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിനിടെയാണ് പദ്ധതിയില്‍ നിന്ന് കെ.എം.ആര്‍.എല്‍ പിന്‍മാറിയത്.
മുഖ്യമന്ത്രിയെ കാണും
എറണാകുളം ഡിസ്ട്രിക്‌ട് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടാനാണ് ഒരുങ്ങുന്നത്.
അടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണും. ഇ ഓട്ടോറിക്ഷകള്‍ക്ക് ചാര്‍ജിംഗ് സൗകര്യമൊരുക്കുക, പാര്‍ക്കിംഗിന് സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിരിക്കും. അതേസമയം നഗരസഭയുമായി സഹകരിച്ച് കൂടുതല്‍ ഓട്ടോ സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയിട്ടുണ്ട്. വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം നല്‍കാതിരുന്നതോടെ ചാര്‍ജിംഗിന് പ്രതിസന്ധി നേരിടുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ ഓട്ടോ സൊസൈറ്റി തനിയെ പുതിയ 100 ഇലക്‌ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിച്ചു.കെ.എം.ആര്‍.എല്‍. സഹകരണമില്ലാതെ മഹീന്ദ്ര ഉള്‍പ്പെടെ രണ്ടു കമ്ബനികളുമായി ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ഒരു വര്‍ഷത്തെ പ്രവര്‍ത്തനം
രാജ്യത്തിനാകെ മാതൃകയായി 2018ലാണ് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണസംഘത്തിന് തുടക്കമിട്ടത്.ഫെബ്രുവരി 17നായിരുന്നു സഹകരണ സംഘത്തിന്റെ ഉദ്ഘാടനം.യൂണിയന്‍ ഭേദമില്ലാതെ ജില്ലയിലെ മുഴുവന്‍ ഓട്ടോറിക്ഷകളെയും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം. സൊസൈറ്റിയില്‍ 5000 ത്തിനടുത്ത് അംഗങ്ങളുണ്ട്.
പ്രഖ്യാപനങ്ങള്‍ നടപ്പായില്ല
ഓണ്‍ലൈന്‍ ഓട്ടോ, മെട്രോ ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഫീഡര്‍ എന്നിങ്ങനെയെല്ലാം സൊസൈറ്റിക്ക് കീഴിലുള്ള ഓട്ടോകളെ ക്രമീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇവയിലൊന്നും പ്രാവര്‍ത്തികമായില്ല. മെട്രോയുടെ മഹാരാജാസ് കോളേജ് സ്‌റ്റേഷന്‍, മുട്ടം, പേട്ട, വൈറ്റില എന്നിവിടങ്ങളില്‍ മാത്രമാണ് ഫീഡര്‍ ഓട്ടോകള്‍ ലഭ്യമാകുന്നത്. വൈദ്യുതി ചാര്‍ജിംഗ് സംവിധാനം ലഭ്യമാക്കാത്തത് മൂലം വണ്ടികള്‍ പലതും കട്ടപ്പുറത്താണ്. ബാറ്ററികള്‍ ലഭ്യമാക്കുമെന്ന കമ്ബനിയുടെ വാഗ്ദാനവും നടന്നില്ല.
ഉറപ്പുകള്‍ കെ.എം.ആര്‍.എല്‍. പാലിച്ചില്ല
''സൊസൈറ്റി രൂപീകരണസമയത്ത് ഓഫീസ് ഉള്‍പ്പെടെ നല്‍കുമെന്നാണ് കെ.എം.ആര്‍.എല്‍. ഉറപ്പുനല്‍കിയത്. ഇവയൊന്നും തന്നെ പാലിക്കപ്പെട്ടില്ല. മുന്‍ എം.ഡിമാരില്‍ നിന്ന് സൊസൈറ്റിക്ക് ലഭിച്ച പിന്തുണ നിലവിലില്ലാത്തതാണ് പ്രശ്നത്തിന് കാരണം. ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കും. കൊവിഡില്‍ യാത്രക്കാര്‍ കുറഞ്ഞെങ്കിലും പൊതുഗതാഗതം സജീവമായതോടെ ഓട്ടോകള്‍ നിരത്തിലിറക്കാന്‍ സഹായം ആവശ്യമാണ്.
സൈമണ്‍ ഇടപ്പള്ളി
എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണസംഘം