Tuesday, 22 Oct, 12.31 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വി.എസിന് പിറന്നാള്‍ ആശംസയുമായി ഗവര്‍ണര്‍

തിരുവനന്തപുരം : 97-ാം വയസിലേക്ക് കടന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് പിറന്നാള്‍ ആശംസ നേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്‌മയും കവടിയാറിലെ വീട്ടിലെത്തി. ഇന്നലെ വൈകിട്ട് 4.35 ഓടെ എത്തിയ ഗവര്‍ണറെയും ഭാര്യയെയും വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്വീകരണമുറിയിലേക്കെത്തിയ ഗവര്‍ണറെ കാത്ത് കള്ളികളുള്ള കൈലിയും ടീഷര്‍ട്ടുമണിഞ്ഞ് വി.എസ് കാരണവരെ പോലെ ഇരിപ്പുണ്ടായിരുന്നു. ടീപ്പോയിലെ പ്ളേറ്റില്‍ അതിഥികള്‍ക്കായി ലഡുവും മൈസൂര്‍ പാക്കും അണ്ടിപ്പരിപ്പും ജ്യൂസും ഒരുക്കിയിരുന്നു. ചാനല്‍ കാമറകളും പത്രഫോട്ടോഗ്രാഫര്‍മാരും അസുലഭ നിമിഷം പകര്‍ത്താന്‍ തിക്കിതിരക്കി. വി.എസിനെ കണ്ടയുടന്‍ ഗവര്‍ണര്‍ കൈകൂപ്പി. പിറന്നാള്‍ ദിനത്തില്‍ വി.എസിന് ഗവര്‍ണര്‍ ഫോണിലൂടെ ആശംസ അറിയിച്ചിരുന്നു. വീണ്ടും പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ വി.എസിന്റെ പതിവ് ശൈലിയില്‍​ വെരി വെരി താങ്ക്സ് എന്ന മറുപടി. ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്ന് പറഞ്ഞ ഗവര്‍ണര്‍ വി.എസിന് ബൊക്കെ നല്‍കി.

പിന്നീട് വി.എസും കുടുംബാംഗങ്ങളുമായി സ്വകാര്യസംഭാഷണം. ഗവര്‍ണറുടെ പത്നി വി.എസിന്റെ ഭാര്യ വസുമതിയോട് സംസാരിക്കുന്ന തിരക്കിലായിരുന്നു. വി.എസിന് വേണ്ടി അരുണാണ് ഗവര്‍ണറോട് സംസാരിച്ചത്. കുടുംബത്തെ കുറിച്ചു ചോദിച്ചപ്പോള്‍ രണ്ട് മക്കളുണ്ടെന്നും ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ ഒരു കൊച്ചുമകനെ കൂടി കിട്ടിയെന്നും ഗവര്‍ണറുടെ മറുപടി.

അച്ഛന് കൊച്ചുമകനെന്ന് പറഞ്ഞാല്‍ ജീവനാണെന്നും എല്ലാകാര്യത്തിലും അവന് വേണ്ടി വാദിക്കുന്നത് അച്ഛനാണെന്നും അരുണ്‍ പറഞ്ഞപ്പോള്‍ ചുണ്ടുകള്‍ അമര്‍ത്തിയുള്ള പതിവ് ചിരി വി.എസിന്റെ മുഖത്ത് വിടര്‍ന്നു. ഇതിനിടെ മാദ്ധ്യമപ്രവര്‍ത്തകരെ അകത്തേക്ക് ക്ഷണിച്ചു. പിന്നെ ഒരുമിച്ചിരുന്ന് ഫോട്ടോയ്ക്കായി പോസ് ചെയ്തു. അഞ്ച് മണിയോടെ ഗവര്‍ണറും ഭാര്യയും രാജ്ഭവനിലേക്ക് മടങ്ങി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top