Dailyhunt
വി ഐ പി ഡ്യൂട്ടിക്ക്  നിയോഗിക്കുന്ന  മെഡിക്കല്‍  ഓഫീസര്‍മാര്‍ക്ക്  സമ്മര്‍ദ്ദരഹിതമായി  ജോലി ചെയ്യാൻ മാര്‍ഗനിര്‍ദ്ദേശമിറക്കണമെന്ന്  മനുഷ്യാവകാശ  കമ്മീഷൻ

വി ഐ പി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സമ്മര്‍ദ്ദരഹിതമായി ജോലി ചെയ്യാൻ മാര്‍ഗനിര്‍ദ്ദേശമിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വി.ഐ.പി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫീസർമാർക്ക് സമ്മർദ്ദമില്ലാതെ ജോലി നിർവ്വഹിക്കുന്നതിനായി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് മനുഷ്യാവകാശ കമ്മീഷനില്‍ സമർപ്പിച്ച ശുപാർശകള്‍ ഉള്‍പ്പെടുത്തി സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പിനും ആരോഗ്യവകുപ്പിനുമാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്. വി.ഐ.പി. മാരുടെ മെഡിക്കല്‍ ടീമില്‍ നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫീസർമാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ്, പൊതുഭരണ വകുപ്പ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളഇല്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.

സ്പെഷ്യല്‍ ബ്രാഞ്ച് കമ്മീഷനില്‍ സമർപ്പിച്ച ശുപാർശകളില്‍ താഴെ പറയുന്നവ അടിയന്തരമായി നടപ്പിലാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

പ്രതിദിനം മിനിമം 5 ഡോക്ടർമാരെയെങ്കിലും ഉള്‍പ്പെടുത്തി ഡി.എം.ഒമാർ വി.ഐ.പി. ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടർമാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയ്യാറാക്കണം. പട്ടിക തയ്യാറാക്കുകയാണെങ്കില്‍ ഡോക്ടർമാരുടെ മറ്റ് ഉത്തരവാദിത്വങ്ങള്‍ കൃത്യവിലോപം കൂടാതെ നിർവ്വഹിക്കാൻ കഴിയും.വി.ഐ.പിക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിന് സമീപം മെഡിക്കല്‍ ഓഫീസർമാർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമുള്ള താമസ സൗകര്യം ഒരുക്കണം. ജീവനക്കാർക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല ജില്ലാ കളക്ടർമാരില്‍ നിക്ഷിപ്തമാക്കണം.

വി.ഐ.പി. ഡ്യൂട്ടിക്കായി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകള്‍ വാങ്ങി അതിന്റെ നേരിട്ടുള്ള ചുമതല ഡി.എ.ഒ. ഏറ്റെടുക്കണം. ആംബുലൻസില്‍ ശീതീകരണ സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണം.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്‌.എം.) സഹായത്തോടെ എല്ലാ ജില്ലകളിലും വി.ഐ.പി. ഡ്യൂട്ടി നിർവ്വഹിക്കേണ്ട മെഡിക്കല്‍ ഓഫീസർമാരുടെ പട്ടിക തയ്യാറാക്കുന്ന കാര്യം ഭാവിയില്‍ പരിഗണിക്കണം.

വി.ഐ.പി. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സർക്കാർ ഉത്തരവില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ ശുപാർശകള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടി. എൻ. സുരേഷ്, ജനറല്‍ സെക്രട്ടറി ഡോ. പി. കെ. സുനില്‍ എന്നിവർ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi