Saturday, 26 Oct, 1.50 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
വിജയ് ഹസാരെ ട്രോഫി കര്‍ണാടകയ്ക്ക്,​ അഭിമന്യു മിഥുന് ഹാട്രിക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്ര് ടൂര്‍ണമെന്റില്‍ കര്‍ണാടക ചാമ്ബ്യന്‍മാരായി. ഇന്നലെ മഴതടസപ്പെടുത്തിയ ഫൈനലില്‍ തമിഴ്നാടിനെ വി.ജെ.ഡി നിയമ പ്രകാരം 60 റണ്‍സിന് കീഴടക്കിയാണ് കര്‍ണാടക വിജയ ഹസാരെ ട്രോഫിയില്‍ മുത്തമിട്ടത്. തമിഴ്നാട് വാലറ്രിത്തിന്റെ അടപ്പിളക്കിയ ബൗളിംഗുമായി ബര്‍ത്ത് ഡേ ബോയ് അഭിമന്യു മിഥുന്‍ വിജയ് ഹസാരേ ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി ചരിത്രം കുറിച്ചു. ഇത് നാലാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ട്രോഫിയില്‍ മുത്തമിടുന്നത്.

ഇരു ടീമിലും നിരവധി അന്താരാഷ്ട്ര താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക നായകന്‍ മനീഷ് പാണ്ഡെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 49.5 ഓവറില്‍ 252 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ കര്‍ണാടക 23 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലായിരിക്കുമ്ബോഴാണ് മഴ കളി തടസപ്പെടുത്തിയത്. 72 പന്തില്‍ നിന്ന് 52 റണ്‍സുമായി കെ.എല്‍.രാഹുലും 55 പന്തില്‍ നിന്ന് 69 റണ്‍സുമായി മായങ്ക് അഗര്‍വാളുമായിരുന്നു അപ്പോള്‍ ക്രീസില്‍. അഗര്‍വാള്‍ 7 ഫോറും 3 സിക്സും രാഹുല്‍ 5 ഫോറും നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാഹുല്‍ മികച്ച പ്രകടനവുമായി ഫോം വീണ്ടെടുത്തെന്ന സൂചനയാണ് നല്‍കുന്നത്.

നേരത്തേ അഭിനവ് മുകുന്ദ് (110 പന്തില്‍ 85)​ ,​ ബാബ അപരാജിത് (84 പന്തില്‍ 64)​ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് തമിഴ്‌നാട് ഭേദപ്പെട്ട സ്കോര്‍ നേടിയത്.

മിഥുന്‍ കര്‍ണാടകയ്ക്കായി 5 വിക്കറ്റ് വീഴ്ത്തി. കൗശിക്ക് രണ്ട് വിക്കറ്ര് നേടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top