Friday, 24 Sep, 12.50 am കേരളകൗമുദി

കായികം
വിരാടിന്റെ വേരിളകുമ്ബോള്‍

കഴിഞ്ഞ വാരം ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും പിടിച്ചുകുലുക്കിയത് ട്വന്റി-20 ഫോര്‍മാറ്റിലെ നായക സ്ഥാനം ഒഴിയാനുള്ള വിരാട് കൊഹ്‌ലിയുടെ തീരുമാനമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ മാത്രമല്ല, ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെയും നായക പദവിയില്‍ നിന്ന് പിന്മാറാനാണ് വിരാടിന്റെ തീരുമാനം. അടുത്ത മാസം യു.എ.ഇയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷമാകും വിരാട് ഇന്ത്യന്‍ ടീമിന്റെ ചെറു ഫോര്‍മാറ്റിലെ നായക പദവിയില്‍ നിന്ന് പിന്മാറുക.കളിക്കാരനായി ട്വന്റി-20യിലും ക്യാപ്ടനായി ഏകദിനത്തിലും ടെസ്റ്റിലും തുടരുമെന്ന് വിരാട് അറിയിച്ചിട്ടുണ്ട്. ഈ ഐ.പി.എല്ലിന് ശേഷം ആര്‍.സി.ബിയിലും കളിക്കാരനായി മാത്രമേ ഉണ്ടാകൂവെന്ന് വിരാട് അറിയിച്ചത് ടൂര്‍ണമെന്റിന്റെ രണ്ടാം വരവിലെ തങ്ങളുടെ ആദ്യ മത്സരത്തിന് തൊട്ടുമുമ്ബാണ്.പത്തുകൊല്ലം മുമ്ബ് ആര്‍.സി.ബി ക്യാപ്ടനായ കൊഹ്‌ലിക്ക് ഇതേവരെ ഒരു തവണ പോലും ടീമിനെ ചാമ്ബ്യന്മാരാക്കാന്‍ കഴിഞ്ഞിട്ടില്ല.

കലഹകാരണം

തന്റെ ജോലി ഭാരം ഒഴിവാക്കാന്‍ എന്ന ന്യായീകരണമാണ് വിരാട് രാജ്യത്തിന്റെയും ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെയും നായക വേഷം അഴിച്ചുവയ്ക്കാന്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ വിരാടിനെപ്പോലെ ആവേശോജ്ജ്വലനായ ഒരു കളിക്കാരന്‍ ജോലിക്കൂടുതല്‍ എന്ന പേരില്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുമോ എന്ന സന്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെയും അദ്ദേഹത്തെയും അടുത്തറിയുന്നവര്‍ പങ്കുവയ്ക്കുന്നു. വെല്ലുവിളികളെ ഏറ്റെടുക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന, നായകന്റെ വിപുലമായ അധികാരം ആസ്വദിച്ചിരുന്ന വിരാട് ട്വന്റി-20 ഫോര്‍മാറ്റിലെങ്കിലും അത് വിടാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍ കാര്യമായ എന്തോ കാരണമുണ്ട് എന്നുതന്നെയാണ് പലരും വിശ്വസിക്കുന്നത്.

ബി.സി.സി.ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായുമായുള്ള അഭിപ്രായ വ്യത്യാസം, രോഹിത് ശര്‍മ്മയുമായുള്ള അഭിപ്രായ വ്യത്യാസം, രവി ശാസ്ത്രിക്ക് പകരം അനില്‍ കുംബ്ളെ വീണ്ടും ഇന്ത്യന്‍ കോച്ചായി വരാനുള്ള സാദ്ധ്യത എന്നിങ്ങനെ പല കാരണങ്ങള്‍ വിരാടിന്റെ പിന്മാറ്റത്തിന് പിന്നിലുള്ളതായി ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍ ഇതിലെല്ലാം ഉപരിയായി ടീമിനുള്ളില്‍ തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതിലെ അസഹിഷ്ണുതയാണ് വിരാടിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന ആരോപണവുമുയരുന്നുണ്ട്. ഇടയ്ക്ക് വെടിനിറുത്തിയിരുന്ന രോഹിത് ശര്‍മ്മയുമായി വീണ്ടും അഭിപ്രായ ഭിന്നത രൂക്ഷമായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെനാളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നി പര്‍വതമാണ് ഇപ്പോള്‍ ചെറുതായി പൊട്ടിത്തെറിച്ചത് എന്നുവേണം അനുമാനിക്കാന്‍. അതോടൊപ്പം ബാറ്റിംഗില്‍ കുറച്ചുനാളായി പഴയ മികവിലേക്ക് ഉയരാന്‍ കഴിയാത്തതും കൊഹ്‌ലിയെ അലട്ടുന്നുണ്ട്. മൂന്ന് വര്‍ഷത്തോളമായി വിരാട് ടെസ്റ്റില്‍ ഒരു സെഞ്ച്വറി നേടിയിട്ട്. ഇക്കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തിലും സെഞ്ച്വറി പിറന്നില്ല.

മാറ്റം എല്ലാ ഫോര്‍മാറ്റിലും ?

നിലവില്‍ ട്വന്റി-20യില്‍ മാത്രമാണ് ക്യാപ്ടന്‍സി ഒഴിയുന്നതെന്ന് കൊഹ്‌ലി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റ് ഫോര്‍മാറ്റുകളിലും സ്ഥാനം അത്ര സുരക്ഷിതമല്ലെന്നാണ് വിലയിരുത്തലുകള്‍. ഏകദിനത്തിലും ട്വന്റി-20യിലും ഒരു നായകനും ടെസ്റ്റില്‍ മറ്റൊരു നായകനും എന്ന ഫോര്‍മാറ്റിലേക്കാവും ഇന്ത്യ വീണ്ടും പോവുക. 2014 മുതല്‍ 2017 മുതല്‍ ഈ രീതിയിലാണ് ഇന്ത്യ കളിച്ചത്. അന്ന് ടെസ്റ്റില്‍ ധോണി നയിച്ചപ്പോള്‍ ഏകദിനത്തിലും ട്വന്റി-20യിലും ധോണി നായകനായി തുടര്‍ന്നു.

പകരമാര്?

ആരാണ് വിരാടിന് പകരം ട്വന്റി-20 ടീമിനെ നയിക്കാനെത്തുക എന്നതിനെച്ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. രോഹിത് ശര്‍മ്മ തന്നെയാണ് ഫസ്റ്റ് ചോയ്സ്. എന്നാല്‍ 34കാരനായ രോഹിതിനെ തത്കാലം നായകനാക്കാമെങ്കിലും ഭാവി മുന്നില്‍ക്കണ്ട് ഒരു യുവതാരത്തെ നായകവേഷം ഏല്‍പ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. തന്റെ പകരക്കാരനായി വിരാട് ബി.സി.സി.ഐക്ക് മുന്നില്‍ വച്ചത് കെ.എല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും പേരുകളാണെന്നതാണ് ഈ ചര്‍ച്ചയ്ക്ക് വഴി തുറന്നത്.

യുവതാരങ്ങള്‍ക്ക് ക്യാപ്ടന്‍സിയില്‍ തെളിയാനുളള അവസരമൊരുക്കാനാണ് താന്‍ മാറിക്കൊടുക്കുന്നത് എന്ന് സമര്‍ത്ഥിക്കുന്ന വിരാട് രോഹിതിന് മുന്നിലുള്ള വാതില്‍ കൊട്ടിയടക്കുക കൂടിയാണ് അതുവഴി ചെയ്യുന്നത് എന്നും വിലയിരുത്തുന്നുണ്ട്. ഏകദിനത്തില്‍ വിരാട് നായകനായി തുടരുകയാണെങ്കില്‍ രോഹിതിന് കുറച്ചുകാലം ട്വന്റി-20 നായകനായിരുന്ന് വിരമിക്കേണ്ടിവരും.

അടുത്തിടെ ശ്രീലങ്കയിലേക്ക് ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ രണ്ടാം നിര ടീമിനെ നയിച്ചത് ശിഖര്‍ ധവാനായിരുന്നു. എന്നാല്‍ വ്യക്തിപരമായ വിഷമഘട്ടം നേരിടുന്ന ധവാന് ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് പോലും ഇടം നേടാനായിട്ടില്ല. ഐ.പി.എല്ലിലെ നായക പരിചയമാണ് രാഹുലിന്റെയും പന്തിന്റെയും പ്ളസ് പോയിന്റ്.

ആര്‍.സി.ബിയുടെ നായക പദവിയില്‍ നിന്ന് വിരാട് ഒഴിഞ്ഞതില്‍ തെറ്റില്ല. എന്നാല്‍ അതിന് അയാള്‍ തിരഞ്ഞെടുത്ത സമയം ശരിയായില്ല. ഐ.പി.എല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്ബ് ക്യാപ്ടന്‍സി ഒഴിയുന്നത് പ്രഖ്യാപിക്കേണ്ടിയിരുന്നില്ല. അത് ടീമിന്റെ മുന്നോട്ടുപോക്കിനെ മാനസികമായി തളര്‍ത്തും.

- ഗൗതം ഗംഭീര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍

ഐ.പി.എല്‍ കഴിഞ്ഞ് ക്യാപ്ടന്‍സിയില്‍ മാറാനുള്ള തീരുമാനം വിരാട് പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ലായിരുന്നു. പക്ഷേ അതിന് മുമ്ബുള്ളത് എടുത്തുചാട്ടമായിപ്പോയി.ഒരിക്കല്‍ക്കൂടി കിരീ‌ടം നേടാന്‍ കഴിയാതെ മടങ്ങുന്നതില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യമെ‌ടുക്കുന്നത് പോലെയായി ഇത്.

- സഞ്ജയ് മഞ്ച്‌രേക്കര്‍

മുന്‍ ഇന്ത്യന്‍ താരം

വിരാട് ഭായ് ആര്‍.സി.ബി നായകവേഷം ഒഴിയുന്നതില്‍ സങ്കടമുണ്ട്.ഇത്തവണ വിരാട് ഭായ്‌ക്ക് വേണ്ടി ഞങ്ങള്‍ ഐ.പി.എല്‍ കിരീടം നേടുകതന്നെ ചെയ്യും.

- യുസ്‌വേന്ദ്ര ചഹല്‍

ആര്‍.സി.ബി താരം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top