Sunday, 11 Aug, 1.14 am കേരളകൗമുദി

തിരുവനന്തപുരം
വിതുര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം

വിതുര: ആയിരക്കണക്കിന് ആളുകള്‍ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പനിയും മഞ്ഞപ്പിത്തവും പടരുന്നതും നഴ്സുമാരുടെ കുറവും ഇവിടത്തെ പ്രവര്‍ത്തനം അവതാളത്തിലാക്കുകയാണ്. ആദിവാസികളും തോട്ടംതൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആശ്രയമാണ് പൊന്‍മുടി മലയടിവാരത്ത് പ്രവര്‍ത്തിക്കുന്ന ഇൗ ആശുപത്രി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷം നാലായിട്ടും ഇതുവരെ താലൂക്ക് ആശുപത്രിയുടെ നിലയിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും സ്റ്റാഫുകളുടെ കുറവും നിമിത്തം ആശുപത്രി ഇപ്പോള്‍ പഴയതിനെക്കാള്‍ പരിതാപകരമായാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ അനവധി സമരപരിപാടികള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

പനിയും മഞ്ഞപ്പിത്തവും പടരുന്നു

വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ ഒരു മാസമായി വൈറല്‍ഫീവര്‍ പടര്‍ന്നു പിടിക്കുകയാണ്. കടുത്ത പനി മൂലം വിതുര ആനപ്പാറ മണലി സ്വദേശിയായ വിദ്യാര്‍ത്ഥി രണ്ടാഴ്ച മുന്‍പ് മരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച അനവധി പേരും ചികിത്സ തേടിയെത്തിയിരുന്നു. വിതുര ഗവ. താലൂക്ക് ആശുപത്രി, തൊളിക്കോട് മലയടി ആശുപത്രി എന്നിവിടങ്ങളിലും ഹോമിയോ, ആയുര്‍വേദ ആശുപത്രികളിലും പനി ബാധിതരുടെ തിരക്ക് വര്‍ദ്ധിച്ചുവരികയാണ്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയില്‍ അനവധി പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. കുട്ടികളടക്കം രോഗം ഗുരുതരമായ ചിലരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. രോഗങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

നഴ്സുമാര്‍ നട്ടം തിരിയുന്നു
താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര സ്റ്റാഫ് നഴ്സുമാര്‍ ഇല്ലാതായിട്ട് മാസങ്ങളാകുന്നു. ഇതോടെ നിലവിലുള്ള നഴ്സുമാര്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. നേരത്തേ മാസത്തില്‍ ആറ് നൈറ്റ് ഡ്യൂട്ടി നോക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. മാത്രമല്ല ഇവര്‍ക്ക് രോഗങ്ങള്‍ ബാധിച്ചാല്‍ പോലും ലീവ് കിട്ടാത്ത അവസ്ഥയും ഉണ്ട്. സാംക്രമികരോഗങ്ങള്‍ വ്യാപിച്ചതോടെ ആശുപത്രിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രശ്നം മെഡിക്കല്‍ഒാഫീസറുടെ മുന്നിലും ഡി.എം.ഒയുടെ ശ്രദ്ധയിലുംപെടുത്തിയെങ്കിലും ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top