Monday, 26 Aug, 2.20 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
യു.എസ് ശിവഗിരി ആശ്രമം: കാണിക്കയ്‌ക്ക് നിധിപേടകം

തിരുവനന്തപുരം: അമേരിക്കയിലെ ശിവഗിരി ആശ്രമം ഒഫ് നോര്‍ത്ത് അമേരിക്കയുടെ മന്ദിര നിര്‍മ്മാണത്തിനായി ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ തേക്കിന്‍തടികൊണ്ട് നിര്‍മ്മിച്ച നിധിപേടകം. ആശ്രമം ഉപദേശക സമിതി ചെയര്‍പേഴ്സണും അമേരിക്കയില്‍ സ്ഥിരതാമസക്കാരനുമായ ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍ ആണ് കാണിക്കനിധി സംഭാവന ചെയ്തത്.

നിധിപേടകം ആശ്രമത്തില്‍ സ്ഥാപിക്കുന്നതിനായി സ്വാമി ഗുരുപ്രസാദിന് കൈമാറി. ആശ്രമത്തിനായി നിര്‍മ്മിക്കുന്ന ഗസ്റ്റ് ഹൗസില്‍ ഒരു മുറി പണികഴിപ്പിക്കാമെന്ന് ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍ വാഗ്ദാനം ചെയ്തു. ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ആലുംമൂട്ടില്‍ ചാന്നാരുടെ അനന്തര തലമുറക്കാരനാണ് ഇദ്ദേഹം. ശിവഗിരി മഠത്തിലെ ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തില്‍ ഒരു സ്യൂട്ട് റൂം ആലുംമൂട്ടില്‍ കുടുംബം പണികഴിപ്പിച്ചിരുന്നു. ഗുരുദേവന് യാത്രചെയ്യാന്‍ കാര്‍ വാങ്ങി കാഴ്ചവയ്ക്കുകയും മഹാത്മാഗാന്ധിയുമായി ഗുരുദേവന്റെ കൂടിക്കാഴ്ച നടന്ന വനജാക്ഷി മന്ദിരവും ശാരദാമഠത്തിനു സമീപമുള്ള വനജാക്ഷി മണ്ഡപവും പണികഴിപ്പിച്ച്‌ നല്കുകയും ചെയ്തത് ആലുംമൂട്ടില്‍ ചാന്നാര്‍ ആയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top