Friday, 18 Oct, 1.06 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ കൗമാരക്കാരനും സുഹൃത്തും അറസ്റ്റില്‍

പുതുക്കാട് : തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും യൂബര്‍ ടാക്‌സി കാര്‍ വാടകയ്ക്ക് വിളിച്ച്‌ ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ആലുവ ആലങ്ങാട് സ്വദേശിയായ പതിനേഴുകാരനും, സുഹൃത്ത് കൊച്ചി തോപ്പുംപടി സാന്തോം കോളനിയിലെ മന്‍സൂര്‍ (19) എന്നിവരും അറസ്റ്റിലായി.
വ്യാഴാഴ്ച രാത്രി ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിയെടുത്ത കാര്‍ തമിഴ്‌നാട്ടിലെ കമ്ബത്തോ, മധുരയിലോ എത്തിച്ച്‌ പൊളിച്ചു വില്‍ക്കാനായിരുന്നു പദ്ധതി. ഇതിനായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഒത്തുകൂടിയ പ്രതികള്‍ കൃത്യത്തിന് ആവശ്യമായ വസ്തുക്കളും ആയുധങ്ങളും കരുതിയാണ് ട്രെയിനില്‍ തൃശൂരിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തൃശൂരില്‍ നിന്നും ഇവര്‍ യൂബര്‍ ടാക്സി വിളിച്ചത്.

തുടര്‍ന്ന് ആമ്ബല്ലൂരില്‍ വച്ച്‌ ടാക്സി ഡ്രൈവര്‍ മണ്ണംപേട്ട കരുവാപടി, പിണ്ട്യാന്‍ രാജേഷിനെ ആക്രമിച്ച ശേഷം പ്രതികള്‍ കാറുമായി കടന്നു.

എന്നാല്‍ കൊരട്ടിയില്‍ നിന്ന് ഹൈവേ പൊലീസ് കാറിനെ പിന്തുടര്‍ന്നു. കാലടിയില്‍ എത്തിയപ്പോള്‍ പ്രതികള്‍ കാര്‍ ഉപേക്ഷിച്ച്‌ ഓടി രക്ഷപെടുകയായിരുന്നു. പിറകെ എത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി. പത്തോളം പേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. അന്വേഷണ സംഘത്തില്‍ ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷ്, പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി സുധീരന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജിനു മോന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍കോ, എ.യു റെജി, ഷിജോ തോമസ് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top