കണ്ണൂർ : ആധാർ എടുത്ത കുട്ടികള്‍ക്ക് 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) എന്നിവ നിർബന്ധമായും പുതുക്കുന്നത് .2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്തു നല്‍കും.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകള്‍ താല്‍ക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പുകള്‍, റേഷൻ കാർഡില്‍ പേര് ചേർക്കല്‍, സ്കൂള്‍/കോളേജ് അഡ്മിഷൻ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്.
സമയബന്ധിതമായി ബയോമെട്രിക് പുതുക്കുന്നതിലൂടെ
നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ വിദ്യാർത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
ഇത് കൂടാതെ, നവജാതശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എൻട്രോള്‍ ചെയ്യാം. 0 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ആധാർ നല്‍കുന്നത്. കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാവും.
കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സർക്കാർ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.
പരാതി പരിഹാര നമ്പറുകള്‍:
സിറ്റിസണ്‍ കോള്‍ സെൻറർ-1800 4251 1800, 0471 2335523, സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ-0471 2525442.

