Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുക്കള തിളങ്ങാൻ ഇത് മാത്രം മതി

അടുക്കള തിളങ്ങാൻ ഇത് മാത്രം മതി

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ അടുക്കളയും വീടും വൃത്തിയാക്കാൻ കഴിയുന്ന ലളിതമായ മാർഗങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെയുണ്ട്.

അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങ. നാരങ്ങനീരില്‍ ഉള്ള സിട്രിക് ആസിഡ് സ്വാഭാവികമായ അണുനാശിനിയായി പ്രവർത്തിക്കുന്നു. ഇത് കഠിനമായ കറകള്‍ നീക്കം ചെയ്യാനും ദുർഗന്ധം അകറ്റാനും ഏറെ സഹായകരമാണ്. ഒരു നാരങ്ങയെ തന്നെ പല രീതിയില്‍ ഉപയോഗിച്ച്‌ വീട്ടിലെ വിവിധ ഭാഗങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാൻ കഴിയും എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത.

സ്റ്റീല്‍ പാത്രങ്ങളിലെ കടുപ്പം

സ്റ്റീല്‍ പാത്രങ്ങളിലും സിങ്കിലുമുള്ള വെള്ളക്കറകളും തുരുമ്പിന്റെ പാടുകളും നീക്കം ചെയ്യാൻ നാരങ്ങ ഉപയോഗിക്കാം. നാരങ്ങാനീര് നേരിട്ട് കറയുള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റ് വെച്ച ശേഷം ഒരു തുണി ഉപയോഗിച്ച്‌ തുടയ്ക്കുക. പാത്രങ്ങള്‍ തിളങ്ങുന്നതായി കാണാം.

പൈപ്പുകളിലെ തുരുമ്പ് കറ നീക്കം ചെയ്യാം

ഒരു കുപ്പിയില്‍ നാരങ്ങാനീരും വെള്ളവും കലർത്തി പൈപ്പില്‍ സ്പ്രേ ചെയ്യാം, ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച്‌ തുടച്ചു കളയാം.

മൈക്രോവേവ് വൃത്തിയാക്കാൻ

മൈക്രോവേവിൻ്റെ ഉള്‍വശം വൃത്തിയാക്കാൻ നാരങ്ങ ഒരു മികച്ച വഴിയാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു നാരങ്ങ മുറിച്ച്‌ ഇടുക. ഈ പാത്രം മൈക്രോവേവില്‍ വെച്ച്‌ 2-3 മിനിറ്റ് ചൂടാക്കുക. നാരങ്ങയുടെ ആവി മൈക്രോവേവിൻ്റെ ഉള്‍വശത്തെ കടുപ്പമേറിയ അഴുക്കുകളെ മൃദുവാക്കും. അതിനുശേഷം ഒരു തുണി ഉപയോഗിച്ച്‌ എളുപ്പത്തില്‍ തുടച്ചു മാറ്റാം.

കട്ടിംഗ് ബോർഡിലെ കറ മാറ്റാൻ

അടുക്കളയിലെ കട്ടിംഗ് ബോർഡുകളില്‍ പച്ചക്കറികളുടെയും ഇറച്ചിയുടെയും കറകളും ദുർഗന്ധവും ഉണ്ടാകുന്നത് സാധാരണമാണ്. ഇത് നീക്കം ചെയ്യാൻ, കട്ടിംഗ് ബോർഡിൻ്റെ ഉപരിതലത്തില്‍ അല്‍പ്പം ഉപ്പ് വിതറിയ ശേഷം, ഒരു നാരങ്ങയുടെ പകുതി എടുത്ത് നന്നായി ഉരസുക. ഉപ്പും നാരങ്ങാനീരും ചേരുമ്പോള്‍ കറകള്‍ ഇളകിപ്പോകുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും. ഇത് ബോർഡിനെ അണുവിമുക്തമാക്കാനും സഹായിക്കുന്നു.

എയർ ഫ്രഷ്നർ ആയി ഉപയോഗിക്കാം

വീട്ടിലെ ദുർഗന്ധം മാറ്റാൻ നാരങ്ങയുടെ തൊലികള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് ഒരു മികച്ച വഴിയാണ്. നാരങ്ങയുടെ സുഗന്ധം വീടാകെ വ്യാപിക്കുകയും ശുദ്ധമായ അന്തരീക്ഷം നല്‍കുകയും ചെയ്യും.

നാരങ്ങാനീര്, വിനാഗിരി, അല്‍പ്പം വെള്ളം എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ച്‌ ജനലുകളും കണ്ണാടികളും തുടയ്ക്കുന്നതും മികച്ച ഫലം നല്‍കും. ഇനി രാസവസ്തുക്കള്‍ക്ക് പകരം നാരങ്ങയെ വിശ്വസിച്ച്‌ നിങ്ങളുടെ വീട് തിളക്കമുള്ളതാക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News