Dailyhunt

അടുക്കള തോട്ടത്തില്‍ കുമ്പളം കൃഷി ചെയ്യാം ; ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പലരുടേയും പ്രിയ്യപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് കുമ്പളം. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ നമ്മുടെ അടുക്കല തോട്ടത്തില്‍ കുമ്പളം കൃഷി ചെയ്യാൻ സാധിക്കും.

അത് എന്തൊക്കെയാണെന്ന് നോക്കാം.

നടീല്‍കാലം

ജലസേചനം നടത്താൻ സൗകര്യമുള്ള സ്ഥലങ്ങളില്‍ മേയ്-ജൂണ്‍ മാസം കൃഷിയിറക്കാം. ഒന്നോ രണ്ടോ മഴ ലഭിക്കുന്ന മുറയ്ക്ക് കൃഷി പണികള്‍ ആരംഭിക്കാം. മഴ ആശ്രയിച്ച്‌ ജനുവരി മുതല്‍ മാർച്ച്‌ മാസംവരെയും സെപ്റ്റംബർ-ഡിസംബർ എന്നീ മാസങ്ങളിലും കൃഷി ചെയ്യാം.

കുഴി തയാറാക്കലും നടീലും

60 സെ.മീ. നീളത്തിലും വീതിയിലും അരമീറ്റർ താഴ്ചയുള്ള കുഴികളാണ് കുമ്പളം കൃഷി ചെയ്യാൻ തയാറാക്കേണ്ടത്. മേല്‍മണ്ണും അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി നിറയ്ക്കുക. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ കുത്തുക. നടീലിനു മുൻപ് വിത്ത് ചുരുങ്ങിയത് അഞ്ചു മണിക്കൂർ സമയം വെള്ളത്തില്‍ കുതിർക്കുന്നത് മുള പൊട്ടി വിടരാൻ സഹായിക്കും. നാലില പ്രായമെത്തിയാല്‍ പുഷ്ടിയായി വളരുന്ന രണ്ടു തൈ മാത്രം ഒരു കുഴിയില്‍ നിർത്തി പരിപാലിക്കുക. രണ്ടു കുഴികള്‍ തമ്മില്‍ 4 മീറ്റർ അകലം ക്രമീകരിക്കണം.

വളപ്രയോഗം

അടിസ്ഥാനവളമായി കുഴിയൊന്നിന് നാലു കിലോ ഉണങ്ങിപൊടിഞ്ഞ കാലിവളം ഒരു കിലോ ചാരവുമായി കൂട്ടിയിളക്കി മേല്‍മണ്ണില്‍ ചേർക്കണം. വള്ളി വളർന്ന് തുടങ്ങുന്ന മുറയ്ക്ക് കുഴിയൊന്നിന് രണ്ടു കിലോ മണ്ണിരകമ്പോസ്റ്റ് വിതറി തടംകോരി മണ്ണ് അടുപ്പിക്കുക. ഇതേ പരിചരണം രണ്ടാഴ്ചയ്ക്കു ശേഷം ആവർത്തിക്കുക. വള്ളിത്തലപ്പുകള്‍ നീണ്ടുവളർന്നു തുടങ്ങുന്ന മുറയ്ക്ക് പൂക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ അവസരത്തില്‍ മണ്ണ് അടുപ്പിച്ച്‌ തടമെടുക്കണം. ഒപ്പം കളയെടുപ്പും രണ്ടാം മേല്‍വള പ്രയോഗത്തിന്റെ അതേ അളവില്‍ ഒരു വളംവെപ്പ് കൂടി നടത്തുക. ജലസേചനം വളർച്ചാശൈലി നിരീക്ഷണം എന്നിവ സാഹചര്യത്തിന് അനുസൃതമായി നടത്തണം. പൂവിട്ട് കായുണ്ടാകുന്ന അവസരത്തില്‍ മണ്ണിന് നനവുവേണം.

കീടങ്ങളെ തുരത്താൻ

വേനലില്‍ കുമ്പളം കൃഷി ചെയ്യുമ്പോള്‍ കീടങ്ങളുടെ ശല്യം കൂടുതലായിരിക്കും. കായീച്ച, മത്തൻ വണ്ട്, ആമ വണ്ട് എന്നിവയാണ് പ്രധാന ശത്രുക്കള്‍. തണ്ടും ഇലയും കായുമെല്ലാം ഇവ നശിപ്പിക്കും. നല്ല പരിപാലനും ജൈവമാർഗങ്ങളും ഉപയോഗിച്ച്‌ ഇവയെ തുരത്താം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

കീടത്തിന്റെ എല്ലാദശയും ശേഖരിച്ചു നശിപ്പിക്കുക.
2 ശതമാനം വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി തളിക്കുക.
നടീലിനു മുമ്പ് തടം കിളച്ചിളക്കി സുര്യപ്രകാശം കൊള്ളിക്കുക.
കായ്പിടിത്തം ആരംഭിക്കുന്നതോടെ കടലാസ് കവർ കൊണ്ട് അവയെ സംരക്ഷിക്കുക.
കീട ബാധയുള്ള കായ്കള്‍ യഥാസമയം നശിപ്പിക്കുക.
മിത്ര കുമിളായ ബിവേറിയ ബാസിയാന 10% WP (200 ഗ്രാം/10 ലിറ്റർ /സെന്റ്) എന്ന തോതില്‍ തളിക്കുക.
പൂവിട്ടു തുടങ്ങുമ്പോള്‍ തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്) പന്തലില്‍ കെട്ടി തൂക്കുക.
വേപ്പിൻപിണ്ണാക്ക് കുഴികളില്‍ ചേർക്കുക (20 ഗ്രാം / കുഴി)
പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുക

വിളവെടുപ്പ്

വിത്ത് പാകി മൂന്നുമാസമെത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ കുമ്പളം വിളവെടുക്കാവുന്നതാണ്. കായ്കള്‍ സൂക്ഷിച്ചുവച്ച്‌ ഉപയോഗിക്കുയാണെങ്കില്‍ നല്ലത്‌പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാൻ.
കുമ്പളം നിസ്സാരക്കാരനല്ല

പോഷകസമ്പന്നമാണ് കുമ്പളങ്ങ. ആയുർവേദത്തില്‍ കുമ്പളത്തിൻറെ നിരവധി ഗുണങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി, പൂവ്, കുരു, ഇല ഇവ ഔഷധയോഗ്യമാണ്.

വലിയ അളവില്‍ ജലാംശം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കുമ്പളം. 96 ശതമാനമാണ് ഇതിലടങ്ങിരിക്കുന്ന ജലത്തിന്റെ അളവ്. കൂടാതെ ശരീരത്തിനാവശ്യമായ ഫൈബറുകള്‍,അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകള്‍, കാത്സ്യം, മഗ്‌നീഷ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്.

കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാല്‍ അമിതവണ്ണവും വയറും കുറയ്ക്കാൻ കുമ്പളങ്ങ ഗുണം ചെയ്യും. കുമ്പളങ്ങയില്‍ ധാരാളം ഫൈബർ ഉണ്ട്. അതിനാല്‍ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തില്‍ വയർ കുറയ്ക്കാൻ സഹായിക്കും. വളരെ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളൂ എന്നതും ഗുണകരമാണ്. അത് ശരീരഭാരം കൂടാതെയിരിക്കാനും ഗുണം ചെയ്യും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇതിന് കഴിവുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News