അടുക്കളയിലോ വീടിനുള്ളിലോ ചിലപ്പോള്‍ ദുർഗന്ധം തങ്ങിനില്‍ക്കുന്നത് പതിവാണ്. എയർ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുന്നതിന് പകരം വീട്ടിലുള്ള ചില പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഈ പ്രശ്നം പരിഹരിക്കാം.
വെള്ളം തിളപ്പിക്കുമ്പോള്‍ ചില സുഗന്ധമുള്ള ചേരുവകള്‍ ചേർക്കുന്ന ഒരു ലളിതമായ മാർഗം വീട്ടിലാകെ മനോഹരമായ മണം പരത്താൻ സഹായിക്കും.
വീടിനകം പലപ്പോഴും ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ സാധാരണയായി എയർ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൃത്രിമ ഗന്ധങ്ങളുള്ള ഇത്തരം ഉത്പന്നങ്ങള്‍ക്ക് പകരം വീട്ടിലെ അന്തരീക്ഷം സുഗന്ധമുള്ളതാക്കാൻ ഒരു ലളിതമായ പ്രകൃതിദത്ത വഴിയുണ്ട്, ഓറഞ്ച് തൊലി തിളപ്പിക്കുക!
ഓറഞ്ച് തൊലിയില്‍ ഉയർന്ന അളവില്‍ ഡി-ലിമോണീൻ പോലുള്ള പ്രകൃതിദത്ത സിട്രസ് ഓയിലുകള്‍ അടങ്ങിയിട്ടുണ്ട്. വെള്ളത്തില്‍ ഓറഞ്ച് തൊലിയിട്ട് തിളപ്പിക്കുമ്പോള്‍, ആവി വഴി ഈ എണ്ണകള്‍ ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തിലേക്ക് പടരും. ഈ ഓയിലുകള്‍ വെറും സുഗന്ധം നല്‍കുക മാത്രമല്ല ചെയ്യുന്നത്. കടുപ്പമേറിയ മത്സ്യത്തിന്റെയോ, ഉള്ളിയുടെയോ, മറ്റ് പാചക ഗന്ധങ്ങളുടെയോ തന്മാത്രകളുമായി പ്രതിപ്രവർത്തിച്ച് അവയുടെ രൂക്ഷത കുറയ്ക്കുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
ചേരുവകള്‍
ഓറഞ്ച് തൊലികള്‍- 2 അല്ലെങ്കില്‍ 3, വെള്ളം- 1.5 കപ്പ് , വെള്ള വിനാഗിരി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെള്ളം ഒഴിച്ചു തിളപ്പിക്കാം. അതിലേയ്ക്ക് ഓറഞ്ച് തൊലി ചേർത്ത് 10 മിനിറ്റ് നന്നായി തിളപ്പിക്കാം. തീ അണച്ചതിനു ശേഷം മിശ്രിതം തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം ഓറഞ്ച് തൊലികള്‍ മാറ്റി വയ്ക്കാം. ശേഷം മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ആവശ്യെങ്കില്‍ കുറച്ച് വിനാഗിരി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ പ്രകൃതിദത്ത സ്പ്രേ മുറികളിലോ കർട്ടനുകളിലോ സ്പ്രേ ചെയ്ത് വീടിന് സുഗന്ധം നല്‍കാം.

