Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാകും' ; രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എം.പി

'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാകും' ; രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എം.പി

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വരും ദിവസങ്ങളില്‍ പാർട്ടി തകരുമെന്ന വിമർശനവുമായി ടി.എം.സി മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാകും. ദേശീയ രാഷ്ട്രീയത്തില്‍പോലും പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനി ഒരു പാർട്ടിയും തൃണമൂലുമായും കൈകോർക്കില്ലെന്നും എം.പി ദേശീയമാധ്യമത്തോട് പറഞ്ഞു.

ആർ.ജി കർ ബലാംത്സഗ കൊലപാതകം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ വ്യക്തമായ ശ്രമം നടത്തിയെന്നും അതിനായി പൊലീസിനെ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ.ജി കർ വിഷയവും തുടർന്നുള്ള പ്രതിഷേധങ്ങളും ജനങ്ങളുടെ വികാരം പാർട്ടിക്കെതിരാണെന്നതിന്റെ ആദ്യ സൂചന നല്‍കിയിരുന്നു. പാർട്ടി അത് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല, പാർട്ടി നേതാക്കളുടെ അഴിമതികള്‍ ചിന്തിക്കാൻ പോലും കഴിയില്ല. അത് നിയന്ത്രിക്കുന്നതില്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടു. ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ മുൻ മുഖ്യമന്ത്രി ജനങ്ങളെ അകറ്റി നിർത്തി. ഇതെല്ലാം കണക്കിലെടുത്താല്‍ തോല്‍വി അനിവാര്യമാണെന്നും താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെയുള്ള എല്ലാ നേതാക്കളും അതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ പ്രചാരണത്തിന് ഐ പിഎസിയെ നിയോഗിച്ചത് പാർട്ടിയിലെ രണ്ടാമനും രാജ്യസഭാ എം.പിയുമായ അഭിഷേക് ബാനർജിയാണ്. പാർട്ടിയിലെ അദ്ദേഹത്തിന്റെ ഉയർച്ചയെ പലരും എതിർത്തിരുന്നു. 2018ല്‍ ഐ-പിഎസി നിയമിച്ചപ്പോള്‍ പാർട്ടിയുടെ പഴയ തലമുറയില്‍ നിന്ന് വലിയ എതിർപ്പുണ്ടായി. എന്നാല്‍ 2021ല്‍ പാർട്ടിയുടെ വൻ വിജയം വിമർശകരെ നിശബ്ദരാക്കി. എന്നാല്‍ ഇത്തവണ അഭിപ്രായങ്ങള്‍ വളരെ രൂക്ഷമാണ്. പാർട്ടിയെ നശിപ്പിക്കാൻ ഐ-പിഎസിക്ക് ചുവപ്പു പരവതാനി നല്‍കി -അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച തൃണമൂല്‍ എം.പി കകോലി ഘോഷ് ദസ്തിദാറും രാജിക്കത്തില്‍ പാർട്ടി നേതൃത്വത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിരവധി സംഭവങ്ങളില്‍ മൗനം പാലിച്ചിരുന്ന നേതാക്കള്‍ പരസ്യ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. കൊല്‍ക്കത്തയിലെ ആർ.ജി കർ ആശുപത്രിയില്‍ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനർജിക്കുമെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കൂടാതെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അഴിമതി ആരോപണവും നേതൃത്വത്തിന്റെ മോശം പെരുമാറ്റവുമെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News