പാലക്കാട് : അട്ടപ്പാടിയില്‍ എക്സൈസ്-പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൻതോതിലുള്ള കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു.
പുതൂർ പഞ്ചായത്തിലെ പൊന്നക്കല്‍ മലനിരകളിലും അംഗണ്യൻ ചോലയിലുമായി നടത്തിയ പരിശോധനയിലാണ് ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ച് വളർത്തിയ 7,300-ലധികം കഞ്ചാവ് ചെടികള്‍ പിടികൂടിയത്. ചെങ്കുത്തായ മലനിരകളിലൂടെ ഏഴ് മണിക്കൂറിലധികം യാത്ര ചെയ്താണ് പൊലീസ് സംഘം ഈ പ്രദേശത്ത് എത്തിച്ചേർന്നത്.
പൊന്നക്കല്‍ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള ഭാഗത്ത് ഒന്നര മാസം പ്രായമായ 1600-ഓളം തൈകളും, മലയുടെ കിഴക്കുഭാഗത്തായി പൂർണ്ണ വളർച്ചയെത്തി പൂത്തുനിന്ന 5700-ഓളം ചെടികളുമാണ് പൊലീസ് കണ്ടെത്തി നശിപ്പിച്ചത്. പ്രതികള്‍ക്കായി പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

