Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബഹിരാകാശ സാങ്കേതികവിദ്യ രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും പുരോഗതിക്ക് വിനിയോഗിക്കണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ബഹിരാകാശ സാങ്കേതികവിദ്യ രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും പുരോഗതിക്ക് വിനിയോഗിക്കണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala OnlineNews 2 weeks ago

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബിരുദധാരികള്‍ നേടിയ അറിവും ഗവേഷണ മികവും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.

ഐ ഐ എസ് ടി വലിയമല ക്യാമ്പസില്‍ നടന്ന 14-ാമത് ബിരുദദാന ചടങ്ങില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബിരുദവും മെഡലുകളും സമ്മാനിക്കുന്നതിനേക്കാള്‍, രാജ്യത്തിന്റെ ഭാവി നിർമിക്കുന്ന യുവപ്രതിഭകള്‍ക്കൊപ്പമുള്ള ഈ നിമിഷമാണ് തനിക്ക് അഭിമാനകരമെന്ന് ഗവർണർ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ത്യാഗവും സമർപ്പണവുമാണ് വിദ്യാർഥികളുടെ വിജയത്തിന് അടിത്തറയായത്. അതിനാല്‍ അവരോടുള്ള നന്ദിയും കടപ്പാടും ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐ ഐ എസ് ടി യില്‍ നിന്ന് നേടിയ അറിവ് വ്യക്തിപരമായ നേട്ടങ്ങളില്‍ ഒതുങ്ങരുത്. സമൂഹത്തിനും രാജ്യത്തിനും തിരികെ നല്‍കേണ്ട ഉത്തരവാദിത്വം ഓരോ ബിരുദധാരിക്കുമുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം തൊഴില്‍ തേടുന്നവരെയല്ല, തൊഴില്‍ സൃഷ്ടിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകള്‍ അതിലേക്കുള്ള പ്രധാന മാർഗമാണ്.

'ആകാശമാണ് അതിർത്തി' എന്ന പ്രയോഗം ഇനി പ്രസക്തമല്ലെന്നും ബഹിരാകാശം പോലും യുവശാസ്ത്രജ്ഞരുടെ സ്വപ്നങ്ങള്‍ക്കും ഗവേഷണത്തിനും അതിരല്ല. വിക്രം സാരാഭായിയുടെ ദീർഘവീക്ഷണത്തിലൂടെ ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ യാത്ര ഇന്ന് ലോകത്തിന് മാതൃകയായ നേട്ടങ്ങളിലേക്ക് വളർന്നു. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ യുവശാസ്ത്രജ്ഞരുടെ പങ്ക് നിർണായകമാണെന്നും ഗവർണർ പറഞ്ഞു.

2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയില്‍ ഓരോ ബിരുദധാരിയും സ്വന്തം സംഭാവന എന്തായിരിക്കുമെന്ന് ഇന്നുതന്നെ തീരുമാനിക്കണം. മനുഷ്യത്വവും സാമൂഹിക പ്രതിബദ്ധതയും ചേർന്ന ഗവേഷണമാണ് സമൂഹത്തിന് ഗുണകരമാകുന്നത്. ലബോറട്ടറികളില്‍ ഒതുങ്ങുന്ന അറിവിന് പകരം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നവീകരണങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ലഭിച്ച അവസരം രാജ്യസേവനത്തിനായി വിനിയോഗിക്കാൻ ബിരുദധാരികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ വിദ്യാർഥികള്‍ക്ക് ബിരുദ സർട്ടിഫിക്കറ്റുകള്‍ ഗവർണർ സമ്മാനിച്ചു. അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികള്‍ക്കുള്ള മെഡലുകളും പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.

ഐ ഐ എസ് ടി ചാൻസലർ ഡോ. ബി എൻ സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡയറക്ടർ ഡോ. രാജീവ് യു പി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഐ ഐ എസ് ടി വൈസ് ചാൻസലർ പ്രൊഫ. ദീപാങ്കർ ബാനർജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഐ എസ് ആർ ഒ ചെയർമാനും ഐ ഐ എസ് ടി ഗവേണിംഗ് ബോഡി പ്രസിഡന്റുമായ ഡോ. വി നാരായണൻ, ഐ ഐ എസ് ടി പ്രോ വൈസ് ചാൻസലർ ഡോ. കുരുവിള ജോസഫ്, എല്‍ പി എസ് സി ഡയറക്ടർ ഡോ. ജയൻ എൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News