ചികിത്സാ സൗകര്യങ്ങളോ ഗതാഗത മാർഗ്ഗങ്ങളോ ഇല്ലാത്തതിനെ തുടർന്ന് പ്രസവവേദന കൊണ്ട് പുളഞ്ഞ 26കാരിയായ ഗർഭിണിയെ കട്ടിലില്‍ ചുമന്ന് അപകടകരമായ രീതിയില്‍ പുഴ കടത്തി ഗ്രാമീണർ.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കൊയിൻഡുല്‍ ഗ്രാമത്തിലാണ് വികസനം തൊട്ടുതീണ്ടാത്ത ഗ്രാമീണരുടെ ദുരിതം വെളിവാക്കുന്ന സംഭവം നടന്നത്.
ഛായ സുരേഷ് നൈതം എന്ന യുവതിക്കാണ് വെള്ളിയാഴ്ച രാവിലെയോടെ പ്രസവവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് ആംബുലൻസ് പുറപ്പെട്ടെങ്കിലും ഗ്രാമത്തിലേക്ക് പാലമോ റോഡോ ഇല്ലാത്തതിനാലും പുഴയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാലും വാഹനം വഴിയില്‍ കിടന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് യുവതിയെ ഒരു കട്ടിലില്‍ കിടത്തി, പ്രാദേശികമായി 'കണ്‍വാഡ്' എന്നറിയപ്പെടുന്ന തടിയും തുണിയും ഉപയോഗിച്ചുള്ള സംവിധാനത്തിലൂടെ തോട് കടത്തുകയായിരുന്നു. ഒരു ആരോഗ്യപ്രവർത്തകയും ഈ അപകടകരമായ യാത്രയില്‍ ഇവരെ അനുഗമിച്ചു. പുഴയുടെ മറുകരയില്‍ കാത്തുനിന്ന ആംബുലൻസിലേക്ക് യുവതിയെ മാറ്റിയ ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞത്.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അടിസ്ഥാനപരമായ ആരോഗ്യ സേവനങ്ങളോ റോഡ് സൗകര്യമോ ലഭിക്കാത്തതില്‍ കടുത്ത അമർഷത്തിലാണ് ഗ്രാമീണർ. എല്ലാ വർഷവും മണ്‍സൂണ്‍ കാലത്ത് പ്രദേശവാസികള്‍ നേരിടുന്ന സ്ഥിരം ദുരിതമാണിതെന്നും, അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

