Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നത് നിര്‍ബന്ധമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നത് നിര്‍ബന്ധമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുകയും ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലർത്തുന്നത് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

ഈ വർഷാവസാനത്തോടെ പുതിയ നിർദേശം നടപ്പാക്കാനായേക്കുമെന്ന സൂചനയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി വി ഉമാശങ്കർ നല്‍കിയത്. സിഐഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡീസലില്‍ ഐസോബ്യൂട്ടനോള്‍ ചേർക്കുന്ന പദ്ധതിയെ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രക്ക് ട്രെയിലറുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മറ്റു നിർദേശങ്ങളും സർക്കാർ പരിശോധിച്ച്‌ വരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിനിടെ, രാജ്യത്തെ പ്രമുഖ പെട്രോളിയം വിതരണ കമ്പനികളിലൊന്നായ ഭാരത് പെട്രോളിയം ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലർത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. പ്രാഥമിക റിപോർട്ടുകള്‍ അനുകൂലമാണെന്നാണ് വിവരം. രാജ്യത്ത് പെട്രോളിനെക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഡീസലായതിനാല്‍, ഐസോബ്യൂട്ടനോള്‍ മിശ്രിത ഡീസല്‍ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം, നൂറു ശതമാനം ഐസോബ്യൂട്ടനോളില്‍ പ്രവർത്തിക്കാവുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ എൻജിനുകളുടെ സാധ്യത പരിശോധിക്കാൻ ഗതാഗത മന്ത്രാലയം ഓട്ടോമോട്ടീവ് റിസർച്ച്‌ അസോസിയേഷൻ ഓഫ് ഇന്ത്യയെ (എആർഎഐ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐസോബ്യൂട്ടനോള്‍ കലർന്ന ഇന്ധനത്തില്‍ പ്രവർത്തിക്കുന്ന എൻജിനുകളുടെ കാര്യക്ഷമതയും നിലവില്‍ പഠനവിധേയമാണ്.

ജൈവ ഇന്ധന വിഭാഗത്തില്‍പ്പെടുന്ന ഐസോബ്യൂട്ടനോള്‍ എഥനോളില്‍ നിന്നാണ് വികസിപ്പിക്കുന്നത്. എഥനോളിനെ അപേക്ഷിച്ച്‌ കൂടുതല്‍ ഊർജസാന്ദ്രതയും കുറഞ്ഞ തുരുമ്പേറ്റ സാധ്യതയും ഇതിന് ഉണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഡീസലിനൊപ്പം ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ബയോഫ്യൂവലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഐസോബ്യൂട്ടനോള്‍ കലർത്തിയ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഗണ്യമായി കുറയുന്നതായും, ഇത് എൻജിനുകളുടെയോ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളുടെയോ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News