കണ്ണൂർ : ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ ഡി എഫ് കോട്ടകളെയും വിറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുള്‍ റഷീദ്.
ആദ്യ അഞ്ച് റൗണ്ടില്‍ വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ യു. ഡി എഫ് ലീഡ് ആയിരത്തിന് മുകളില്‍ ഉയർത്തിയത് എല്‍ഡിഎഫിന് ക്ഷീണമായി. പാർട്ടി ശക്തി കേന്ദ്രമായ പെരളശേരി പഞ്ചായത്ത് എണ്ണിയപ്പോള്‍ പിണറായി 1536 വോട്ടുകള്‍ ലീഡായി നേടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്, ലീഗ് വോട്ടുകള്‍ ഏറെയുള്ള കടമ്പൂർ മുഴപ്പിലങ്ങാട് പഞ്ചായത്തുകള്‍ അവസാനഘട്ടത്തില്‍ എണ്ണാനുള്ളത് യു ഡി എഫിന് പ്രതീക്ഷയേകുന്നുണ്ട്.
ധർമ്മടത്ത് ഏറെ മുന്നേറ്റം അഞ്ചാമത്തെ റൗണ്ടില്‍ തന്നെ നടത്താൻ കഴിഞ്ഞുവെന്ന് വിപി അബ്ദുള്‍ റഷീദ് പറഞ്ഞു. ഫലം എന്തായാലും പ്രശ്നമില്ല ജനങ്ങള്‍ തന്നോടൊപ്പം നിന്നുവെന്ന് വോട്ടിങ് നിലയിലെ മുന്നേറ്റം വ്യക്തമാക്കുന്നുവെന്ന് അബ്‌ദുള്‍ റഷീദ് പറഞ്ഞു.
തങ്ങള്‍ക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത മാവിലായി പോലുള്ള സ്ഥലങ്ങള്‍ മണ്ഡലത്തിലുണ്ട്. അന്നേ തങ്ങള്‍ മുന്നേറ്റമുണ്ടാകുമെന്ന് പറഞ്ഞതാണ്. ഈ കാര്യം മാധ്യമങ്ങള്‍ പോലും വിശ്വസിച്ചില്ല തന്നോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ വീട്ടില്‍ പോയി ചോദിക്കാൻ പറയില്ലെന്നും അവരുടെ വീട്ടില്‍ പോയി അതിന് മറുപടി പറയുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതാണെന്ന് അബ്ദുള്‍ റഷീദ് പറഞ്ഞു.

