Thursday, 25 Jan, 10.25 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്‌
ദേശിയ വാഴ മഹോത്സവം: കല്ലിയൂര്‍ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ഒരു ദേശീയ മഹോത്സവത്തിന് ഒരു ഗ്രാമം വേദിയാകുന്നു. സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന 'ദേശിയ വാഴ മഹോത്സവം 2018'നാണ് തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് വേദിയാകുന്നത്. ഫെബ്രുവരി 17 മുതല്‍ 21 വരെ കല്ലിയൂര്‍ വെള്ളായണി മൈതാനിയിലാണ് വാഴ മഹോത്സവം അരങ്ങേറുക. വൈവിധ്യ സംരക്ഷണം, സ്വത്വ സംരക്ഷണം, മൂല്യ വര്‍ദ്ധനവ് എന്നിവയാണ് ദേശിയ വാഴ മഹോത്സവത്തിന്റെ പ്രധാന വിഷയങ്ങള്‍. ദേശീയ സെമിനാര്‍, എക്സിബിഷന്‍, പരിശീലന പരിപാടികള്‍, കര്‍ഷക സംഗമം തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തി ഒരേ സമയം വിജ്ഞാനപ്രദവും വിനോദവുമുള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന മഹോത്സവത്തില്‍ ചെറുകിട കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഗവേഷണം എങ്ങനെ പ്രയോജനകരമാക്കാം എന്നും വ്യാഖ്യാനിക്കും.

മുഖ്യമായും ജൈവ കൃഷി പിന്തുടരുകയും കീടനാശിനി വിമുക്ത പഴങ്ങളും പച്ചക്കറികളും വിളയിച്ചെടുക്കുകയും വഴി ശ്രദ്ധേയരായ കല്ലിയൂരിലെ കര്‍ഷക സമൂഹത്തിലേക്ക് വികസനവും ഗവേഷണ വിവരങ്ങളും എത്തിക്കുകയെന്നതാണ് ഇത്തരത്തിലൊരു ദേശീയ വാഴ മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീ സുരേഷ് ഗോപി എം പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത് കൂടാതെ കേരളത്തിലെയും തെക്കന്‍ തമിഴ് നാട്ടിലെയും വാഴ കര്‍ഷകര്‍ക്ക് പ്രയോജനകരാമാം വിധം ദേശീയ തലത്തിലുള്ള പുതിയ ഗവേഷണങ്ങളും മുന്നേറ്റങ്ങളും വാഴമഹോത്സവത്തിലൂടെ അവതരിപ്പിക്കാനുമാകും. പ്രധാനമന്ത്രിയുടെ സാന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ കീഴില്‍ ശ്രീ സുരേഷ് ഗോപി എം പി ദത്തെടുത്ത കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈവിധ്യമാര്‍ന്ന വാഴ കൃഷിയാല്‍ കാര്‍ഷിക മേഖലയില്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത്, മിത്ര നികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റിയാല്‍ അംഗീകൃതമായ റീജിയണല്‍ സെന്റര്‍ ഓഫ് എക്സ്പെര്‍ട്ടീസ്, ഐ സി എ ആര്‍- നാഷണല്‍ സെന്റര്‍ ഫോര്‍ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്കോ ന്യൂ ഡല്‍ഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഈ മേഖലയിലെ സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് സിസ്സ ദേശിയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. ആഗോള വാഴ ഉത്പാദനത്തിന്റെ 18% നല്‍കുന്ന ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ ഉത്പാദകരാണ്.

ഈ സാഹചര്യത്തിലും ഉത്പാദനത്തിന്റെ 1% മാത്രമേ കയറ്റി അയക്കപ്പെടുന്നുള്ളു. പരിപാലനത്തിലും പാക്കിങ്ങിലും പാക്കേജിങ്ങിലുമെല്ലാമുള്ള ആധുനിക സാങ്കേതികതകള്‍ കര്‍ഷകരിലേക്ക് എത്തിച്ച്‌ വിപണി നേരിടുന്ന 25 മുതല്‍ 40% വരെയുള്ള നഷ്ടം ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ലക്ഷ്യമിട്ടാണ് ദേശിയ തലത്തില്‍ ഈ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

ഇതിനോടനുബന്ധിച്ച്‌ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, ഛായാഗ്രഹണ മത്സരങ്ങള്‍, വിവിധയിനം സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. കാര്‍ഷിക മേഖലയിലെ നവയുഗ സാങ്കേതികതകളും വിവരങ്ങളും ലഭ്യമാക്കുന്നതിന് പുറമെ സൃഷ്ടിപരമായ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പങ്കെടുക്കുന്നവര്‍ പ്രാപ്തരാകുന്നുവെന്ന് ഡോ സി എസ് രവീന്ദ്രന്‍, ദേശിയ വാഴ മഹോത്സവം സെക്രട്ടറി ജനറല്‍, പറഞ്ഞു. ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് നവയുഗ സാങ്കേതിക വിദ്യകളെക്കുറിച്ച്‌ കൂടുതലറിയുവാനും പ്രയോഗികമാക്കുന്നതിനും സാധ്യമാകുമെന്നും കല്ലിയൂരിലെ കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുരോഗതി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ക്ക് പുറമെ തമിഴ് നാട് കാര്‍ഷിക സര്‍വകലാശാല, ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്റര്‍ (ബിഎആര്‍സി), നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ബനാനാസ്- ട്രിച്ചി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്‌- ബാംഗ്ലൂര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, കോയമ്ബത്തൂര്‍, ജെ എന്‍ യു ഡല്‍ഹി, അസം കാര്‍ഷിക സര്‍വകലാശാല, ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്- മധുര, മഹാത്മാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഇന്ഡസ്ട്രിയലിസേഷന്‍, വൈ എസ് ആര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സര്‍വകലാശാല, ആന്ധ്രാ പ്രദേശ്; ഐ സി എ ആര്‍ റിസര്‍ച്ച്‌ കോംപ്ലക്സ് ഫോര്‍ എന്‍ ഇ എച്ച്‌ റീജിയണ്‍, മേഘാലയ, സി എസ് ഐ ആര്‍, എ പി ഇ ഡി എ എന്നിവിടങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും പ്രഭാഷണം നടത്തും.

കൂടാതെ മഹോത്സവത്തില്‍ ഈ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.

Dailyhunt
Top