Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാൻ സെൻസര്‍ ബോര്‍ഡ്

ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാൻ സെൻസര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം വധിച്ച അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതകഥ പറയുന്ന 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നല്‍കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.

ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് സെൻസർ ബോർഡിന്റെ പരിശോധനാ സമിതി നേരത്തെ വാക്കാല്‍ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കൗതർ ബെൻ ഹനിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ച സെൻസർ ബോർഡ് നിലപാടിനെതിരെ ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കള്‍, സാമൂഹിക പ്രവർത്തകർ, പ്രതിപക്ഷ പാർട്ടികള്‍ എന്നിവരില്‍ നിന്ന് കടുത്ത വിമർശനമുയർന്നിരുന്നു.

"ഭരണകൂടത്തിന്റെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന സിനിമകളെപ്പോലും സെൻസർ ചെയ്യുന്ന തരത്തില്‍, ഭരണാധികാരികളെ പ്രീണിപ്പിക്കുന്നതാണ് സൗഹൃദം എന്ന നിലപാടാണ് ഇന്ത്യൻ അധികാരികള്‍ കാണിക്കുന്നത്," എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര രംഗത്തെ 90 പ്രമുഖർ ഒപ്പിട്ട കത്തില്‍ അധികൃതരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാൻ വഴിയൊരുങ്ങുന്നത്.

ഓസ്കർ നാമനിർദേശം ലഭിച്ച ഈ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് 'ഇൻഡ്യ' സഖ്യത്തിലെ എട്ട് എം.പിമാർ കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുകയും ചെയ്തിരുന്നു.

2024 ജനുവരിയില്‍ ഗസ്സയില്‍ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബ് സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിർത്തത്. കുടുംബാംഗങ്ങളും അവരെ രക്ഷിക്കാൻ വന്ന പാരാമെഡിക്കല്‍ ജീവനക്കാരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താൻ ഒറ്റക്കാണെന്നും ഭയമാകുന്നുവെന്നും പറഞ്ഞ് റെഡ് ക്രസന്റിന് ഹിന്ദ് നടത്തിയ ഫോണ്‍ കോളുകളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദർശന സമയത്ത് കാണികള്‍ 23 മിനിറ്റോളം എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. 'ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു. ഹിന്ദിൻറെ ഹൃദയഭേദകമായ ഫോണ്‍ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യരില്‍ പ്രത്യേകിച്ച്‌ കുട്ടികളില്‍ യുദ്ധം എത്രമാത്രം ദുരിതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News