Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എച്ച്‌ വണ്‍ എൻ വണ്‍ ജാഗ്രത പാലിക്കണം: കാസര്‍ഗോട് ജില്ലാ ഡി.എം.ഒ

എച്ച്‌ വണ്‍ എൻ വണ്‍ ജാഗ്രത പാലിക്കണം: കാസര്‍ഗോട് ജില്ലാ ഡി.എം.ഒ

Kerala OnlineNews 2 weeks ago

കാസർഗോട് : ജില്ലയില്‍ അജാനൂർ ഗ്രാമപഞ്ചായത് പരിധിയില്‍ 64 കാരി എച്ച്‌ വണ്‍ എൻ വണ്‍ ബാധിച്ച്‌ മരണപെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ( ആരോഗ്യം) അഭ്യർത്ഥിച്ചു.

ഇൻഫ്‌ളുവെൻസ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ് എച്ച്‌.വണ്‍.എൻ.വണ്‍. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം.

രോഗലക്ഷണങ്ങള്‍- പനി,ശരീര വേദന,തൊണ്ടവേദന,കഫമില്ലാത്ത വരണ്ട ചുമ,ക്ഷീണം,വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസം കൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാൻ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകള്‍. വായു വഴിയാണ് രോഗം പകരുന്നത്.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റർ ചുറ്റളവില്‍ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. അപ്പോള്‍ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാൻ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാൻ ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പർശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കിയേക്കും. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവർ. ഗർഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വായും മൂക്കും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്. രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക.
മൊബൈല്‍ ഫോണ്‍ ഷെയർ ചെയ്യാതിരിക്കുക. പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയായി കഴുകുക. എച്ച്‌.വണ്‍.എൻ.വണ്‍. രോഗാണുക്കളെ സാധാരണ സോപ്പ് നിർവീര്യമാക്കും. രോഗ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടേണ്ടതും എച്ച്‌ വണ്‍ എൻ വണ്‍ രോഗികളുമായി സമ്പർക്കമുള്ളവർ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തി എച്ച്‌ വണ്‍ എൻ വണ്‍ പരിശോധനക്ക് വിധേയരാകേണ്ടതുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News