ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വസതിയിലെത്തി പൂജകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പിയൂഷ് ഗോയലിന്റെ വസതിയിലെ ഗണേശ വിഗ്രഹത്തില്‍ ആരതി നടത്തുന്ന ചിത്രം ഉള്‍പ്പെടെ മോദി എക്‌സിലൂടെ പങ്കുവെച്ചു. ഗണേശ ദര്‍ശനത്തിന് വേണ്ടി പിയൂഷ് ഗോയലിന്റെ വസതിയിലെത്തിയെന്നും ഭഗവാന്‍ ഗണേശന്റെ അനുഗ്രഹം ഏവര്‍ക്കും ലഭിക്കട്ടെയെന്നും മോദി കുറിച്ചു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നിരുന്നു. 'എന്റെ എല്ലാ സഹപൗരന്മാര്‍ക്കും ഹൃദയം നിറഞ്ഞ ഗണേശ ചതുര്‍ത്ഥി ആശംസകള്‍. വിഘ്‌നങ്ങളെല്ലാം നീക്കുന്ന ഗണേശ ഭഗവാന്റെ ഈ പുണ്യദിനം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ആവേശവും നിറയ്ക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ, രാജ്യം പുരോഗതിയുടെ പാതയില്‍ മുന്നോട്ട് കുതിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'- എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഗണപതിയെ സ്തുതിക്കുന്ന ശ്ലോകവും മോദി പങ്കുവെച്ചിരുന്നു.

