ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരെ ഏറെ വലയ്ക്കുന്ന 'ക്യാപ്ച' എന്റർ ചെയ്യുന്ന രീതിക്ക് ഉടൻ മാറ്റം വരുന്നു.
ടിക്കറ്റ് ബുക്കിങ് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാൻ ലക്ഷ്യമിട്ട് ക്യാപ്ച ഇല്ലാത്ത പുതിയ വെബ്‌സൈറ്റ് ഐആർസിടിസി ഒരുക്കുകയാണെന്ന് സിഎംഡി രാഹുല്‍ ഹിമാലിയൻ വ്യക്തമാക്കി. ഇതിന്റെ ബീറ്റാ പതിപ്പ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. പൂർണ്ണരൂപത്തിലുള്ള പുതിയ വെബ്‌സൈറ്റ് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാകും.
യാത്രാ ടിക്കറ്റുകള്‍ക്ക് പുറമെ തീർത്ഥാടന ടൂറിസം രംഗത്തും വലിയ മുന്നേറ്റത്തിനാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്. രാജ്യത്ത് തീർഥാടന യാത്രകള്‍ നടത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ടൂറിസം ബിസിനസിന് വലിയ ഊർജ്ജമാണ് നല്‍കുന്നത്. ഈ മേഖലയില്‍ വരും വർഷങ്ങളില്‍ വൻ കുതിച്ചുചാട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് വരുമാന മാർഗങ്ങള്‍ വർധിപ്പിക്കുന്നതിലും കമ്പനി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ട്രെയിനുകളിലെ ഭക്ഷണ വിതരണ രംഗത്തും മികച്ച വളർച്ചയാണ് ഐആർസിടിസി കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് കാറ്ററിങ് പ്ലാന്റുകള്‍ ഇതിനോടകം നവീകരിച്ചു കഴിഞ്ഞു. പുതുതായി നാല് പ്ലാന്റുകള്‍ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാന വളർച്ചയില്‍ നിർണായക പങ്കുവഹിച്ചത് കാറ്ററിങ് ബിസിനസാണ്. ഈ വർഷം കാറ്ററിങ് മേഖലയിലെ ലാഭത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

